കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സൈബർ ഹാക്കർ സായ് ശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. വാഴക്കാല സ്വദേശി നൽകിയ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. പ്രതി യുവാവിൽ നിന്ന് 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനാണെന്ന പേരിൽ തട്ടിയെടുത്തുവെന്നാണ് കേസ്.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് സായ് ശങ്കർ. ആരോപണം തെറ്റാണെന്ന് മുൻകൂർ ജാമ്യഹർജിയിൽ സായ് ശങ്കർ വാദിക്കുന്നു. അതേസമയം, ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ച കേസിൽ ഇയാൾ അന്വേഷണം നേരിടുകയാണ്.

