Saturday, May 18, 2024
spot_img

“നിങ്ങളുടെ വസ്തു ഞങ്ങൾക്ക് എഴുതി തരൂ, അപ്പോൾ വീടു വിട്ടിറങ്ങാം”- സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാനെത്തിയ സിപിഎം ഭാരവാഹികൾക്ക് നേരെ നാട്ടുകാരുടെ ശകാരവർഷം

ചെങ്ങന്നൂർ: സിൽവർ ലൈനിൽ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കളെ തുരത്തി നാട്ടുകാർ. പദ്ധതി കടന്നുപോകുന്ന വെൺമണി പുന്തലയിൽ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കളെയാണ് നാട്ടുകാർ നേരിട്ടത്. ഇതുവഴി ലൈൻ കടന്നുപോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു ലോക്കൽ കമ്മിറ്റി അംഗം വിശദീകരണത്തിനിടെ പറഞ്ഞതു പാർട്ടിയിൽ വിവാദമായി. വെൺമണി പഞ്ചായത്ത് 9–ാം വാർഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരെയാണു ശകാരവർഷവുമായി നാട്ടുകാർ നേരിട്ടത്. ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയാറല്ലെന്നും ഇവർ നേതാക്കളോടു പറഞ്ഞു. അത്രയ്ക്കു നിർബന്ധമാണെങ്കിൽ നിങ്ങളുടെ വസ്തു ഞങ്ങൾക്ക് എഴുതി തരൂ, അപ്പോൾ വീടു വിട്ടിറങ്ങാം എന്നും ചിലർ പറഞ്ഞു. വിശദീകരണം ഉൾപ്പെടുത്തിയ ലഘുലേഖകൾ വാങ്ങാനും നാട്ടുകാർ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞു നേതാക്കൾ തടിതപ്പി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താൻ എന്നു ലോക്കൽ കമ്മിറ്റി അംഗം പറയുന്നതും വിഡിയോയിലുണ്ട്. ഇത് പിന്നീട് പാർട്ടിയിൽ വിവാദമായി

Related Articles

Latest Articles