സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ പേരിൽ പണം തട്ടിപ്പ്. കൊല്ലത്തുള്ള അധ്യാപികയിൽ നിന്നും 14 ലക്ഷം രൂപയാണ് തട്ടിയത്. അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കുകയും അതിലൂടെ ഹൈ ടെക് സംഘം അധ്യാപികയിൽ നിന്നും 14 ലക്ഷംരൂപ തട്ടുകയുമായിരുന്നു. ഉത്തരേന്ത്യൻ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് അധ്യാപികയ്ക്ക് ആദ്യ സന്ദേശം വന്നത്. തുടർന്ന് വീണ്ടും സന്ദേശമെത്തി. സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെനന്നായിരുന്നു ഹൈ ടെക് സംഘം അയച്ചത്. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമായിരുന്നു. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ചിട്ടുള്ള വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു. ഡിജിപിയുടേതെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു.
തുടർന്ന് അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അപ്പോൾ ദില്ലിയിലേക്ക് പോയതായി വിവരം ലഭിച്ചു. അതോടെ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ തട്ടിപ്പിൽപ്പെട്ടു. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഹൈ ടെക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.

