Sunday, May 19, 2024
spot_img

പുരാവസ്‌തു ഡോക്ടർ ജീവിതകാലം ജയിലിൽ തന്നെ; മോൻസൺ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി; ലൈംഗീകമായി പീഡിപ്പിച്ചത് ജീവനക്കാരിയുടെ മകളെ

കൊച്ചി∙ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കലിനു പോക്സോ കേസിൽ ജീവപര്യന്തം തടവ് വിധിച്ച് എറണാകുളം പോക്സോ കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും പോക്‌സോ നിയമത്തിലേയും വകുപ്പുകളിലാണ് മോന്‍സന് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്‌സോ കേസിലെ അഞ്ചാംവകുപ്പ് പ്രകാരവും ഐ പി സി 370, 376 വകുപ്പുകളിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഓരോ വകുപ്പുകളിലും പിഴയും ഈടാക്കിയിട്ടുണ്ട്. പോക്‌സോ ആക്ട് അഞ്ച് പ്രകാരം അഞ്ച് ലക്ഷം രൂപ പിഴ കോടതി വിധിച്ചു. ഈ തുക കെട്ടിവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം കൂടി ജയിലില്‍ കഴിയേണ്ടി വരും. ഇത്തരത്തില്‍ എല്ലാ വകുപ്പുകളിലും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.

പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്‌ത്‌ തന്റെ ജീവനക്കാരിയുടെ മകളായ 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ പെരുമ്പാവൂർ കോടതിയിലെ പോക്സോ കേസിലടക്കം മോൻസൺ ജാമ്യത്തിലായിരുന്നു. ഈ വിധി അനുകൂലമായിരുന്നെങ്കിൽ മോൻസൺ ജയിൽമോചിതനാകുമായിരുന്നു. അതേസമയം മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്

Related Articles

Latest Articles