Tuesday, May 21, 2024
spot_img

കേരളത്തിൽ അടുത്തയാഴ്ച മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ മലപ്പുറം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കിയിൽ അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചില കേന്ദ്രങ്ങളിൽ ഒറ്റ തിരിഞ്ഞ് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോള്‍ റൂമുകളും തുറന്നു. മഴയുടെ തോത് കൃത്യമായി നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.

എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഇടുക്കിയിലും ചൊവ്വാഴ്ച മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ടാണ്. കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച മുതൽ വ്യഴാഴ്ച വരെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിലും മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഈ സമുദ്രഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.

Related Articles

Latest Articles