Sunday, May 26, 2024
spot_img

കോട്ടത്തോട് നവീകരണത്തിന്‍റെ മറവിൽ കയ്യേറ്റവും അഴിമതിയും: മാവേലിക്കരയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപി

മാവേലിക്കര: നഗരത്തിലെ കോട്ടതോട് പുനർ നിർമ്മാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നതായി ബി‌ജെ‌പി. തോടിന്‍റെ വശങ്ങളിൽ നിന്നും ഒന്നര മീറ്റർ വീതി വരെ ഉള്ളിലേക്ക് മാറ്റിയുള്ള നിർമ്മാണ പ്രവർത്തനത്തില്‍ കോടികളുടെ അഴിമതി നടന്നതായാണ് ബിജെപിയുടെ ആരോപണം.

അനധിക്യത കയ്യേയ്യേറ്റക്കാർക്ക് കുട പിടിച്ചു കൊണ്ട് കോട്ടത്തോടിന്‍റെ സമീപമുള്ള അനധിക്യത നിർമ്മാണങ്ങൾ പ്രോല്‍സാഹിപ്പിക്കുകയാണ് നഗരസഭ. സർക്കാർ ചെലവിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി തോടിനെ വെറും ഓടയുടെ വലിപ്പത്തിലേക്ക് മാറ്റി വശങ്ങൾ കയ്യേറ്റക്കാർക്ക് നൽകാനാണ് നഗരസഭയുടെ നീക്കം. ഇത് അവസാനിപ്പിച്ച് കോട്ടത്തോടിന്‍റെ വീതി കൂട്ടാനുള്ള നടപടികൾ കൈകൊള്ളണമെന്നും ഇതിനെ കുറിച്ച് വിജിലൻസ് അന്വേഷിക്കണം എന്നും ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു.

മാവേലിക്കര നഗരത്തിന്‍റെ ചരിത്രത്തോളം പഴക്കമുണ്ട് കോട്ടത്തോടിന്. രാജഭരണകാലത്തും റോഡ് ഗതാഗത സംവിധാനങ്ങൾ പുരഗമിക്കുന്നതിന് മുൻപും വാണിജ്യ, ഗതാഗത ആവശ്യങ്ങൾക്കായി ജനങ്ങൾ ആശ്രയിച്ചിരുന്നത്‌ കോട്ടത്തോടിനെയായിരുന്നു. അക്കാലത്ത് ഭരണസിരാകേന്ദ്രമായിരുന്ന മാവേലിക്കര നഗരത്തിന്‍റെ പ്രധാന ജലസ്രോതസും നഗരസൗന്ദര്യത്തിന്റെ മുഖമുദ്രയുമായിരുന്നു കോട്ടത്തോട്. പിൽക്കാലത്ത് നഗരസഭയുടെ അവഗണന മൂലമാണ് കോട്ടത്തോട് നശിപ്പിക്കപ്പെട്ടതും മാലിന്യവാഹിനിയായി അധ:പ്പതിച്ചതും.

ഇതിനിടെ സമൃദ്ധമായ നീരൊഴുക്കുണ്ടായിരുന്ന തോടിന്‍റെ വശങ്ങൾ പലരും കൈയേറി .കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന നഗരസഭാ ഭരണ നേതൃത്വത്തിന്‍റെ ഒത്താശയോടെ കോട്ടത്തോട് കൈയ്യേറി അനധികൃത കെട്ടിടങ്ങൾ വരെ നിർമ്മിച്ചു. ഇവയിൽനിന്നുള്ള കക്കുസ് മാലിന്യം ഉൾപ്പെടെ ഇപ്പോൾ കോട്ട ത്തോടിലാണ് വീഴുന്നത്.

കോട്ടത്തോട് കയ്യേറ്റത്തിന്‍റെ പിന്നിലും നവീകരണത്തിന്‍റെ പേരിൽ നടക്കുന്ന അഴിമതിയുടെ പിന്നിലും വൻ ഗൂഡാലോചനയുള്ളതായി ബിജെപി ആരോപിക്കുന്നു. കോട്ടത്തോടിന്‍റെ സ്വാഭാവികത നിലനിർത്തി സംരക്ഷിക്കണമെന്നും അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ബിജെപി.

Related Articles

Latest Articles