Tuesday, April 30, 2024
spot_img

ഈ ക്രിമിനലുകള്‍ ഒരു കാരണവശാലും സംസ്ഥാന പൊലീസ് സേനയുടെ ഭാഗമാകാന്‍ പാടില്ല; എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി ജി.സുധാകരന്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസില്‍ കുറ്റാരോപിതരായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍. പ്രതികള്‍ എങ്ങനെയാണ് എസ്എഫ്ഐ ഭാരവാഹികള്‍ ആയതെന്ന് അന്വേഷിക്കണമെന്നും ഈ ക്രിമിനലുകള്‍ ഒരു കാരണവശാലും സംസ്ഥാന പൊലീസ് സേനയുടെ ഭാഗമാകാന്‍ പാടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

കൈയില്‍ കത്തിയും കഠാരയുമായി ഇവര്‍ എങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ജി. സുധാകരന്‍ ചോദിച്ചു. സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോയത് അവര്‍ക്ക് യാതൊരു കുറ്റബോധവും ഇല്ലാത്തതിനാലാണെന്നും സുധാകരന്‍ പറഞ്ഞു.എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിയ കേസില്‍ പ്രതികളായ എസ്എസ്ഐ നേതാക്കള്‍ നസീമും ശിവരഞ്ജിത്തും പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ പേരുള്ളവരാണ്.

അതേസമയം സംഭവത്തില്‍ എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേരത്തെ കോളേജിലെ ഏഴ് പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതിയാക്കിയിരുന്നത്. ഇതിന് പുറമെ രഞ്ജിത്ത് എന്നയാളുടെ പേര് കൂടി നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles