Thursday, April 25, 2024
spot_img

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; കേസിൽ നിർണ്ണായക വഴിത്തിരിവ് ; റെനീസിന്റെ കാമുകി, നജ്ലയുമായി വഴക്കിടുന്ന ദൃശ്യം പുറത്ത്

ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ഭർത്താവും പൊലീസുകാരനുമായ റെനീസിന്‍റെ കാമുകി, കൂട്ട മരണം നടക്കുന്നതിന് തൊട്ടു മുൻപ് ക്വാര്‍ട്ടേഴ്സിലെത്തി നജ്ലയുമായി വഴക്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. റെനീസിന്‍റെയും കാമുകി ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്ല ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തല്‍ കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ തെളിവുകള്‍

കഴിഞ്ഞ മെയ് 9നാണ് സ്വന്തം മക്കളെ കൊന്ന് നജ്ല ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്യുന്നത് . ഭര്‍ത്താവ് റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബന്ധു കൂടിയായ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയുംചെയ്തു.
കേസിന്റെ അന്വേഷണ വേളയിലാണ് നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങള്‍ ആണ്.

ആത്മഹത്യ നടന്ന മെയ് ഒമ്പതിന് വൈകിട്ട് റെനീസിന്‍റെ കാമുകിയായ ഷഹാന ക്വാര്‍ട്ടേഴസിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. ഹാളില്‍വെച്ച് നജ് ലയുമായി വഴക്കിടുന്നതാണ് ദൃശ്യങ്ങളില്‍. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാര്ട്ടേഴ്സില് താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്ലയോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം ഷഹാന ക്വാര്ട്ടേഴ്സില്‍ നിന്നും മടങ്ങിപ്പോകുന്നു. ഇതിന് ശേഷമാണ് നജ്ല പിഞ്ചുമക്കളെ കൊന്ന ശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുന്നത്. സിസിടിവി ക്യാമറ ബന്ധിപ്പിച്ചിരുന്നത് റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ്.

സംഭവ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്. ഭാര്യയുടെ ആത്മഹത്യ ഉള്‍പ്പെടെ വീട്ടില്‍ നടക്കുന്നതെല്ലാം റെനീസ് ഫോണില്‍ തല്‍സമയം കണ്ടിരിക്കാമെന്ന് പൊലീസ് കരുതിയിരുന്നു. എന്നാല്‍ കൂട്ടമരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയിലില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. റെനീസിന്‍റെ വട്ടിപ്പലിശ ഇടപാടുകളെകുറിച്ചും പൊലീസ് പ്രത്യേകം കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ റെനീസിനെ സഹായിക്കുന്ന തരത്തിലാണ് ഈ കേസിലെ അന്വേഷണം എന്ന് ചൂണ്ടിക്കാട്ടി നജ്ലയുടെ കുടുംബം അടുത്തിടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ഈ കേസിന്‍റെ അന്വേഷണം മുന്നോട്ട് പോകുന്നത്.

Related Articles

Latest Articles