Friday, May 3, 2024
spot_img

ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് അവഗണിച്ച് നിജ്ജാറിന് പൗരത്വം ! പൗരത്വത്തിനുള്ള അപേക്ഷയിൽ നടപടി ക്രമങ്ങൾ കഴിയുന്നത്ര വൈകിപ്പിക്കുവാൻ ശ്രമിക്കുന്ന കാനഡ നിജ്ജാറിന്റെ കാര്യത്തിൽ നടത്തിയത് മിന്നൽ വേഗത്തിലുള്ള ഇടപെടൽ ! അടിമുടി ദുരൂഹത

ദില്ലി : കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട് കാനഡയെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാളെ പിടികൂടാനായി ഇന്റർപോൾ മുഖേനെ ഭാരതം റെഡ് കോർണർ നോട്ടിസ് (ആർസിഎൻ) പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾക്കു കാനഡ പൗരത്വം നൽകിയതെന്നാണു പുറത്ത് വരുന്നത്. പൗരത്വത്തിനുള്ള അപേക്ഷയിൽ നടപടി ക്രമങ്ങൾ കഴിയുന്നത്ര വൈകിപ്പിക്കുവാൻ ശ്രമിക്കുന്ന കാനഡ പക്ഷെ ഹർദീപ് സിങ് നിജ്ജാറിന്റെ കാര്യത്തിൽ വളരെ പെട്ടെന്ന് നടപടിയെടുക്കുകയായിരുന്നുവെന്ന് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. റെഡ് കോർണർ നോട്ടിസ് ഇറക്കിയാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് ഒരു രാജ്യം എന്ന നിലയിൽ കനേഡിയൻ ഭരണകൂടം ചെയ്യേണ്ടിയിരുന്നത്.

നിജ്ജാറിനെതിരെ 2014ൽ ആയിരുന്നു ആദ്യത്തെ റെഡ് കോർണർ നോട്ടിസ്. പിന്നീട് 2016ലും പുറപ്പെടുവിച്ചു. 2015ൽ ആണ് ഇയാൾക്കു പൗരത്വം നൽകിയതെന്നു കാനേഡിയൻ മന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു.പിന്നാലെ കാനഡ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആരോപണമുയർന്നു. അമളി മനസിലായതോടെ 2007ൽ നിജ്ജാറിനു പൗരത്വം കിട്ടിയതായി തിരുത്തി.

2014 നവംബർ 14നാണ് നിജ്ജാറിനെതിരെ ആദ്യ റെഡ് കോർണർ നോട്ടിസ് ഇറക്കിയത്. ഇതിനു മാസങ്ങൾക്കുശേഷം ഇയാൾക്കു കാനഡ പൗരത്വം നൽകിയത് എങ്ങനെയാണെന്ന് ഇന്ത്യ ചോദിക്കുന്നു. ‘‘2015 മാർച്ച് 3ന് നിജ്ജാർ കനേഡിയൻ പൗരനായിരുന്നു. അദ്ദേഹം കാനഡക്കാരനല്ലെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതാണ്.’’ എന്നാണ് എമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ചൊവ്വാഴ്ച സമൂഹമാദ്ധ്യമമായ എക്സിൽ (ട്വിറ്റർ) കുറിച്ചത്. 2007 മേയ് 25നു നിജ്ജാർ കനേഡിയൻ പൗരനായെന്നും മുൻപു പറഞ്ഞതു തന്റെ പിഴവാണെന്നും മില്ലർ പിന്നീടു തിരുത്തി.

‘രവി ശർമ’ എന്ന വ്യാജ പാസ്പോർട്ടിൽ 1997 ഫെബ്രുവരി പത്തിനാണു നിജ്ജാർ ടൊറന്റോയിൽ എത്തിയത്. അഭയാർത്ഥിയായി പരിഗണിക്കണമെന്ന് പിറ്റേവർഷം ജൂണിൽ അപേക്ഷിച്ചെങ്കിലും കാനഡ നിരസിച്ചു. നവംബറിൽ സ്പോൺസർ ചെയ്ത സ്ത്രീയെ ഇയാൾ വിവാഹം ചെയ്തു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ കാനഡയിലെ തലവനായ നിജ്ജാർ ജൂണിലാണു അമേരിക്ക – കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്.

Related Articles

Latest Articles