Monday, May 13, 2024
spot_img

‘കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഉന്നത നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു; ചോദ്യം ചെയ്യലിനു ശേഷം ആറു ദിവസം കഴിഞ്ഞുള്ള അരവിന്ദാക്ഷന്റെ പരാതി കൊടുക്കൽ ഗൂഢാലോചനയുടെ ഭാഗം !’ ഗുരുതരാരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഉന്നത നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. ചോദ്യം ചെയ്യലിനു ശേഷം ആറു ദിവസം കഴിഞ്ഞുള്ള അരവിന്ദാക്ഷന്റെ പരാതി കൊടുക്കൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇഡിക്കെതിരായ പോലീസ് നീക്കം ഇതിന്റെ തെളിവാണ്. മുൻപും കേന്ദ്ര ഏജൻസികളെ ഭയപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു. സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചതിനു പിന്നിൽ സിപിഎം നേതൃത്വമാണ്. ഇഡി മർദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയമായ രീതിയിൽ സുതാര്യമായ സംവിധാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലെന്ന് എല്ലാവർക്കും അറിയാം. ക്യാമറകളുടെ നടുവിലാണ് ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതി കൊടുത്തത്. ഇത് ഗൂഢാലോചനയാണ്.

ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഫെഡറൽ തത്വങ്ങൾ പിണറായി സർക്കാർ തുടർച്ചയായി ലംഘിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്കു മുമ്പിൽ ദേശീയ ഏജൻസികൾ മുട്ടുമടക്കില്ല. നരേന്ദ്ര മോദി സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഎം മനസിലാക്കണം. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. ചോദ്യങ്ങളിൽനിന്നും ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതത്” – കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles