Monday, September 21, 2026

പ്രധാനമന്ത്രിക്ക് വൻ സുരക്ഷ;രണ്ടായിരത്തിൽ അധികം പോലീസുകാരെ നിയമിക്കും,പഴുതടച്ച ക്രമീകരണമെന്ന് കമ്മീഷണർ

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിക്കത്ത് വന്നതിന് പിന്നലെ കൊച്ചിയിൽ വൻ സുരക്ഷ ഏർപ്പെടുത്തി.പഴുതടച്ച ക്രമീകരണമാണ് നടപ്പിലാക്കുക എന്ന് കമ്മീഷണർ കെ സേതുരാമൻ വ്യക്തമാക്കി.സുരക്ഷയ്ക്കായി രണ്ടായിരത്തിൽ അധികം പോലീസുകാരെ വിന്യസിക്കുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷാ ഒരുക്കാൻ കമ്മീഷണർ ഉത്തരവിറക്കിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles