Monday, May 13, 2024
spot_img

വടകരയിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ വീണ് മരിച്ച നിലയിൽ ! മരിച്ചവരിൽ ആറുമാസം പ്രായമായ കൈക്കുഞ്ഞും

വടകര തിരുവള്ളൂരില്‍ അമ്മയും ആറുമാസം പ്രായമായ കൈക്കുഞ്ഞും ഉൾപ്പെടെ രണ്ടുമക്കളും കിണറ്റില്‍ മരിച്ച നിലയില്‍. തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില(32), മക്കളായ കശ്യപ്(6), വൈഭവ് (ആറ് മാസം ) എന്നിവരെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികളെ ശരീരത്തിൽ കെട്ടിവച്ച ശേഷം അഖില കിണറ്റിലേക്ക് ചാടിയതാണെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയ നിധീഷ് ഫോണില്‍വിളിച്ചിട്ടും ഭാര്യയെ കിട്ടാത്തതിനാലാണ് തിരികെ വീട്ടിലെത്തിയത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് ഭാര്യയും മക്കളും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി മൂവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Latest Articles