Sunday, April 28, 2024
spot_img

അമ്മായിയമ്മയെ പരിചരിച്ചില്ല; ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയായ മരുമകളുടെ ശമ്പളത്തിൽ നിന്ന് 3000 രൂപ പ്രതിമാസം ഈടാക്കും

ഒറ്റപ്പാലം : മതിയായ പരിപാലനം ലഭിക്കുന്നില്ലെന്ന വയോധികയായ അമ്മായിയമ്മയുടെ പരാതിയിൽ പരേതനായ ഇളയമകന്റെ ഭാര്യക്കെതിരെ ഒറ്റപ്പാലം മെയിന്റനൻസ് ട്രിബ്യൂണൽ നടപടിയെടുത്തു. പഞ്ചായത്ത് ഓഫിസിൽ ജോലി ചെയ്യുന്ന മരുമകളുടെ ശമ്പളത്തിൽ നിന്നു 3000 രൂപവീതം പ്രതിമാസം ജീവനാംശം ഈടാക്കാൻ സബ് കലക്ടർ ഡി.ധർമലശ്രീ അദ്ധ്യക്ഷയായ ട്രിബ്യൂണലാണ് ഉത്തരവിട്ടത്.

മരുമകളുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും ജീവനാംശം എൺപത്തിയേഴുകാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇവർ ജോലിചെയ്യുന്ന പഞ്ചായത്തിലെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ തറവാട്ടുവീട്ടിൽ നിന്നു 30 ദിവസത്തിനകം മരുമകൾ മാറിത്താമസിക്കണമെന്നും ഉത്തരവിലുണ്ട്.

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇളയമകൻ 10 വർഷം മുൻപാണു മരിച്ചത്. തുടർന്ന് ആശ്രിത നിയമനം മുഖേനെ മകന്റെ ഭാര്യക്കു ജോലി ലഭിച്ചു. അമ്മായിയമ്മയും മരുമകളും തറവാട്ടുവീട്ടിലാണ് താമസിക്കുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും വീട്ടുപകരണങ്ങൾ പൂട്ടിവയ്ക്കുന്നുവെന്നും മറ്റ് മക്കൾ വന്നു കാണുന്നതിന് തടസ്സം നിൽക്കുന്നുവെന്നുമാണ് അമ്മായിയമ്മയുടെ പരാതി. 2018ലും 2019ലും അമ്മായിയമ്മ ഇതേ അവശ്യങ്ങളുന്നയിച്ചു ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നെങ്കിലും ഇവ പാലിക്കപ്പെട്ടില്ലെന്നാണു ആരോപണം .

പിന്നീടാണ് 2021ൽ വീണ്ടും സമർപ്പിച്ച പരാതിയിന്മേൽ സബ് കലക്ടർ ഡി. ധർമലശ്രീയും ട്രിബ്യൂണലിലെ ജീവനക്കാരും ഇവരുടെ വീട്ടിൽ നേരിട്ടു സന്ദർശിച്ചു പരാതിയിൽ കഴമ്പുണ്ടെന്നു തിരിച്ചറിഞ്ഞു. ഇതിനെ തുടർന്നാണ് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമം ഉറപ്പാക്കുന്ന നിയമപ്രകാരം ഏപ്രിൽ മുതൽ ശമ്പളത്തിൽ നിന്ന് പണം ഈടാക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്. മൂത്ത മകനോട് ദിവസവും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കാനും വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യയോടു ഭക്ഷണവും മറ്റ് സഹായങ്ങളുമെത്തിക്കാനും ട്രിബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles