തിരുവനന്തപുരം : എഡിജിപി എം.ആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ലെന്ന് റിപ്പോർട്ട്. മെഡൽ അജിത്കുമാറിന് തൽക്കാലം നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ ഓഫീസ് തീരുമാനിക്കുകയായിരുന്നു. ഡിജിപിക്ക് വേണ്ടി പോലീസ് ആസ്ഥാനത്തെ എഐജി പുറത്തിറക്കിയ ഉത്തരവിലാണിത് പറയുന്നത്.
മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണ മെഡല്‍ നല്‍കാറില്ല. സമീപ കാലത്തെ വിവാദങ്ങളുടെയും അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിൽ അജിത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.
എംആര്‍ അജിത് കുമാറിനൊപ്പം ഹരിശങ്കര്‍ ഐപിഎസ്സിനും മെഡല്‍ ഉണ്ടായിരുന്നു. നാളെ രാവിലെയാണ് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ വെച്ച് മുഖ്യമന്ത്രിയുടെ മെഡല്‍ദാന ചടങ്ങ്. എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ എംഎല്‍എ ആണ് ആരോപണം ഉന്നയിച്ചിരുന്നത്. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

