Tuesday, September 22, 2026

“33 വർഷത്തെ തപസു കൊണ്ട് രാഷ്‌ട്രീയ സ്വയം സേവക സംഘത്തെ ഉന്നതങ്ങളിലെത്തിച്ച മഹത് വ്യക്തിത്വം”; ഇന്ന് ഗുരുജി ജന്മവാർഷികം

33 വർഷത്തെ തപസു കൊണ്ട് രാഷ്‌ട്രീയ സ്വയം സേവക സംഘത്തെ പ്രതിസന്ധികളുടെ ഘട്ടത്തിൽ നിന്നും അംഗീകാരത്തിന്റെ ഘട്ടത്തിലേക്ക് നയിച്ച മഹത് വ്യക്തിത്വമായിരുന്നു മാധവസദാശിവ ഗോള്‍വല്‍ക്കര്‍. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍ സംഘചാലക് ആയിരുന്ന അദ്ദേഹത്തെ ഗുരുജിയെന്നാണ് പരക്കെ അറിയപ്പെടുന്നത്. ഗുരുജിയുടെ നൂറ്റിപ്പതിനഞ്ചാം ജന്മവാര്‍ഷിക ദിനമാണിന്ന്(MS Golwalkar Birth Anniversary). ഗുരുജിയുടെ വ്യക്തിത്വം ഒരു സംഘടനയുടെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്നയാള്‍ എന്നതിലും ഉപരിയായിരുന്നു. അദ്ദേഹം രാഷ്ട്ര ജീവിതത്തില്‍ അതുല്യമായ സ്ഥാനം തന്റെ പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും കൈവരിച്ചു. അനുയായികള്‍ മാത്രമല്ല എതിരാളികളും ശ്രദ്ധാപൂര്‍വം അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടു.
1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിലാണ്‌ അദ്ദേഹം ജനിച്ചത്‌. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം സദാശിവ ഗോൾവൽക്കറിന്റെ ഒൻപതുമക്കളിൽ നാലാമനായിരുന്നു.

ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ്‌ മദൻ മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു. പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ്‌ സംഘത്തിന്റെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌.

ഡോ ഹെഡ്ഗേവാറിനെ പരിചയപ്പെടുന്നതും അക്കാലത്താണ്. ഒരിക്കൽ ചെന്നൈയിലെ പഠനത്തിനിടെ തന്റെ ആത്മസുഹൃത്ത് ബാബു റാവു തേലംഗിന് എഴുതിയ കത്തിൽ ഏത് സമയവും സംഘം, സംഘം എന്ന വിചാരവുമായി നടക്കാതെ പഠനത്തിൽ ശ്രദ്ധിക്കണമെന്ന് ഉപദേശം നൽകിയ മധു അതേ സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടി ജീവിതം സമർപ്പിച്ചതിനു പ്രേരണയേകിയത് ആ കൂടിക്കാഴ്ചയായിരുന്നു മുപ്പത്തിമൂന്നു വർഷത്തെ കഠിന സപര്യയ്‌ക്കിടയിൽ അദ്ദേഹം അറുപതിലധികം പ്രാവശ്യം ഭാരതം ചുറ്റി സഞ്ചരിച്ചു.

ഭാരതത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുകയും ഒരിക്കൽ പോലും ഹോട്ടലുകളിൽ താമസിക്കാതിരിക്കുകയും ചെയ്ത അഖില ഭാരത പ്രശസ്തനായി ആരെങ്കിലുമുണ്ടെങ്കിൽ അത് ഗുരുജി മാത്രമായിരിക്കും. 1947ല്‍ ഭാരതം വിഭജിക്കപ്പെട്ടു. അന്നു നിലവിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങള്‍ക്ക് ഭാരതത്തിലോ, പാക്കിസ്ഥാനിലോ ചേരാനുള്ള അവകാശം ഉണ്ടായിരുന്നു. എന്നാല്‍ കശ്മീരിലെ രാജാവ് ഹരിസിങ് പാക്കിസ്ഥാനിലോ ഭാരതത്തിലോ ചേരാതെ കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ കശ്മീരിനെ ആക്രമിച്ച് തങ്ങളോട് ചേര്‍ക്കാന്‍ വേണ്ട നടപടികളാണ് ചെയ്തത്. അന്നത്തെ ആഭ്യന്തരമന്ത്രി വല്ലഭഭായ് പട്ടേല്‍ ഹരിസിങ്ങിന്റെ നിലപാടിലെ അപ്രായോഗികത അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഗുരുജിയുടെ സഹായം തേടി.

അതുപ്രകാരം ഗുരുജി കശ്മീരിലെത്തി ഹരിസിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഗുരുജിയുടെ വാദങ്ങള്‍ കേട്ടശേഷം ഹരിസിങ് കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള കരാറിന് ഒപ്പുവയ്ക്കാന്‍ തയാറായി. അങ്ങനെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി. രാഷ്‌ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. കാശ്മീരിനെ ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു .

എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു പോലെ സംഭവിക്കുകയും ചെയ്തു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ അംഗങ്ങളായി വിവിധ മേഖലയിലുള്ള പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത് ഗുരുജിയുടെ കാലത്താണ്. അഖിലഭാരതീയ വിദ്യാർത്ഥി പരിഷതും, ബിജെപിയുടെ പൂർവ രൂപമായ ജനസംഘവും, വിശ്വഹിന്ദു പരിഷത്തും ഭാരതീയ മസ്ദൂർ സംഘവുമെല്ലാം ഗുരുജിയുടെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ചതാണ് .ഇന്ന് തങ്ങളുടെ മേഖലകളിൽ ഭാരതത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ സംഘടനകൾ തന്നെയാണെന്നത് ഗുരുജിയുടെ ദീഘദർശനത്തിന്റെ തെളിവാണ്. 1973ല്‍ ഗുരുജി ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയവരില്‍ സംന്യാസി ശ്രേഷ്ഠന്മാര്‍, ഭാരത രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയ ജീവിതത്തിന്റെ എല്ലാ തുറയിലും പെട്ടവരുണ്ടായിരുന്നു.

ജീവിതത്തിലൊരിക്കലും അധികാരസ്ഥാനത്തിനായി ശ്രമിച്ചിട്ടില്ലാത്ത നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമായിട്ടില്ലാത്ത ഗുരുജിക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി. മഹാത്മജിയ്ക്കാണ് ഇത്തരത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മറ്റൊരു വ്യക്തി. രാഷ്ട്ര ജീവിതത്തില്‍ ഗുരുജി വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ആദരപൂര്‍വം വിവിധ കക്ഷി നേതാക്കന്മാരും പ്രധാനമന്ത്രിയടക്കമുള്ള ഭരണാധികാരികളും ഓര്‍ത്തു. ഭാരതത്തിലെ മിക്കവാറും ദേശീയ, ഭാഷാ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles