Wednesday, May 15, 2024
spot_img

സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ഹരിയാനയിൽ; മരണവിവരം പുറത്തറിയിച്ചത് മകൻ അഖിലേഷ് യാദവ്

ഹരിയാന: സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്നു. മകൻ അഖിലേഷ് യാദവാണ് മരണ വിവരം പുറത്തുവിട്ടത്. 82 വയസായിരുന്നു. വാർധക്യസഹജമായ പലവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്ഥാനമുണ്ടായിരുന്നു മുലായം സിംഗ് യാദവിന്‌.10 പ്രാവശ്യം നിയമസഭയിലേക്കും 7 പ്രാവശ്യം ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു തവണ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി. 1996 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു. പ്രധാനമന്ത്രിയടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ മുലായം സിംഗ് യാദവിന്റെ ആരോഗ്യ സ്ഥിതികൾ വിലയിരുത്തിയിരുന്നു.

ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്‍റെ യാത്ര സംഭവ ബഹുലമായിരുന്നു. ഗുസ്തിക്കാരനാകണമെന്ന ആഗ്രഹത്തോടെയാണ് അച്ഛന്‍ പരിശീലനത്തിന് അയച്ചത്. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി. രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28ാമത്തെ വയസില്‍ സോഷ്യലിസ്ററ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെട്ടു. ലോഹ്യയുടെ മരണത്തിന് ശേഷം മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ എന്ന വിശാല പ്ലാറ്റ് ഫോമിലേക്ക് മുലായം മാറി.

മകന്‍ അഖിലേഷ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള പോര് മുലായത്തിന്‍റെ കണ്‍മുന്നില്‍ പാര്‍ട്ടിയുടെ പ്രഭാവം കെടുത്തി. ശിവപാല്‍യാദവിനൊപ്പം നിന്ന മുലായത്തിന് മകനയും മകന് തിരിച്ചും തള്ളിപ്പറയേണ്ടി വന്നു. മാഫിയ മേധാവിത്വവും, അഴിമതിയും, പാര്‍ട്ടിക്കെതിരെയും മുലായത്തിനെതിരെയും ആരോപണങ്ങളായി ഉയര്‍ന്നത് ഒടുവില്‍ തിരിച്ചടിയായി. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ജാതി മത ധ്രുവീകരണത്തിൻറെ വക്താവായതും. അയോദ്ധ്യയിലെ ശ്രീരാമജന്മഭുമി ക്ഷേത്ര നിർമ്മാണത്തിനെതിരെ മുലായം സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന്റെ ജനകീയ അടിത്തറക്ക് മങ്ങലേൽപ്പിച്ചു.

Related Articles

Latest Articles