ഇടുക്കി: മഴക്കെടുതി രൂക്ഷമായതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എൻഡിആർഎഫി്നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർണ്ണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചുവരികയാണ്. സെക്കൻഡിൽ ശരാശരി ഒൻപതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൈഗ ഡാം നിറഞ്ഞതിനാൽ ഷട്ടർ തുറന്നിട്ടിരിക്കുകയാണ്. ഇക്കാരണത്താൽ കൂടുതൽ ജലം തമിഴ്‌നാടിന് കൊണ്ടുപോകാനാകില്ല.

