Sunday, January 11, 2026

വിവാദ മരം മുറി ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; മറ്റേതെങ്കിലും ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar dam) ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ ബെന്നിച്ചൻ തോമസിനെയാണ് സസ്പെൻസ് ചെയ്തത്. വിവാദ ഉത്തരവിറക്കിയത് ബെന്നിച്ചന്‍ തോമസായിരുന്നു. മരം മുറിയില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും.

അതേസമയം മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. 15 മരങ്ങൾ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്. ഉത്തരവ് സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു.

കടുത്ത പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നല്‍കിയത്. മരംമുറി ഉത്തരവിൽ വനം-ജല വകുപ്പ് മന്ത്രിമാർ തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നിരുന്നു. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ തള്ളി സംയുക്ത പരിശോധനയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതോടെയാണ് സർക്കാരിൽ തന്നെ രണ്ടഭിപ്രായം വന്നത്.

Related Articles

Latest Articles