Friday, May 3, 2024
spot_img

പതിനൊന്നു വയസ്സുകാരൻ ഫ്ലാറ്റില്‍ കഴിഞ്ഞത് ഇരുപതിലധികം നായകളോടൊപ്പം; രക്ഷിതാക്കള്‍ക്കെതിരെ കേസ്, കുട്ടിയെ രക്ഷപ്പെടുത്തി ചൈൽഡ് ലൈൻ

മുംബൈ: ഇരുപതിലധികം നായകളോടൊപ്പം മാതാപിതാക്കൾ ഫ്ലാറ്റിൽ പൂട്ടിയിട്ടിരുന്ന കുട്ടിയെ മോചിപ്പിച്ചു. പൂനെയിലെ ക്വാണ്ടാ പ്രദേശത്തെ ഫ്ലാറ്റില്‍ നായകളോടൊപ്പം ജീവിച്ച പതിനൊന്നു വയസ്സുകാരനെയാണ് പൊലീസും ചൈൽഡ് ലൈനും ചേർന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവം അറിയാവുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ ജില്ല ചൈൽഡ് ലൈൻ ഓഫിസറെ നേരത്തെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്, മേയ് അഞ്ചിന് കുട്ടി താമസിക്കുന്ന ഫ്ലാറ്റില്‍ ഉദ്യോഗസ്ഥന്‍ ചെന്നു. ദുര്‍ഗന്ധം വമിക്കുന്ന റൂമിനുള്ളിലേക്ക് ചെന്നപ്പോള്‍ കണ്ടത് ജനവാതിലിന് മുകളില്‍ ഇരിക്കുന്ന കുട്ടിയെയാണ്. അവന് ചുറ്റും ഇരുപതോളം നായകളും ഉണ്ടായിരുന്നതാണ്.

കുട്ടിയെ നായകളോടൊപ്പം വളര്‍ത്തരുതെന്നും അവനെ സ്കൂളില്‍ പറഞ്ഞയക്കണമെന്നും ഇദ്ദേഹം രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാല്‍, മേയ് ഒമ്പതിന് ഇതേ ഉദ്യോഗസ്ഥന്‍ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ കുട്ടിയെ നായകളോടൊപ്പമാക്കി വീട് പൂട്ടി രക്ഷിതാക്കള്‍ പുറത്ത് പോയിരുന്നു. ഇതോടെയാണ് പൊലീസിന്‍റെ സഹായത്താല്‍ കുട്ടിയെ ഫ്ലാറ്റില്‍ നിന്നും മോചിപ്പിച്ചത്.

കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ചെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്ത്മാക്കി. രക്ഷിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഏറെക്കാലം നായകളോടൊപ്പം കഴിഞ്ഞതിനാല്‍ കുട്ടിയുടെ പെരുമാറ്റത്തിന് നായകളുമായി സാമ്യമുണ്ടെന്നാണ് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Articles

Latest Articles