Saturday, May 18, 2024
spot_img

ഏഷ്യനെറ്റിലെ ആദ്യ മുൻഷിയ്ക്ക് വിട; നടൻ കെ.പി.എസ്.കുറുപ്പ് അന്തരിച്ചു

മലയാള ചലച്ചിത്ര-നാടക നടനും ഏറെക്കാലം ഏഷ്യാനെറ്റിന്റെ മുൻഷി എന്ന ടെലിസ്കിറ്റിലെ അഭിനേതാവുമായിരുന്ന പരവൂർ കുറുമണ്ടൽ അശ്വതിയിൽ കെ.ശിവശങ്കരക്കുറുപ്പ് (കെ.പി.എസ്.കുറുപ്പ്-94) അന്തരിച്ചു. കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും നടനായിരുന്നു. കെ.പി.എ.സി.യുടെ ഇരുമ്പുമറയെന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്ത് ചുവടുറപ്പിത്. ആൾ ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഏഷ്യാനെറ്റിലെ മുൻഷിയിലൂടെ ലോകശ്രദ്ധ നേടാൻ ഇദ്ദേഹത്തിന് സാധിച്ചു. ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ പരവൂർ മേഖല ഉപദ്ദേശക സമിതി അംഗമായിരുന്നു. അതേസമയം സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയനിൽ പബ്ളിസിറ്റി ഓഫീസറായിരുന്ന അദ്ദേഹം, വിരമിച്ചശേഷവും അഭിനയരംഗത്ത് തുടർന്നു. 73-ാമത്തെ വയസ്സിലാണ് ഏഷ്യാനെറ്റിൽ മുൻഷിയായി അഭിനയിക്കാൻ എത്തിയത്.

ദേവരാജൻ മാസ്റ്റർ, സി.വി പത്മരാജൻ പി.കെ.ഗുരുദാസൻ തുടങ്ങിയ പ്രതിഭകൾ സഹപാഠികളായിരുന്നു.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായിരുന്ന പരേതനായ പി.എൻ.പണിക്കരുടെ മകൾ പരേതയായ ലീലാകുമാരിയാണ് ഭാര്യ. മക്കൾ: ഗോപീകൃഷ്ണൻ (റിട്ട. ചലച്ചിത്ര അക്കാദമി), ശ്രീകല (റിട്ട. അധ്യാപിക), വിശാഖ് (ഏഷ്യാനെറ്റ്). മരുമക്കൾ: സതികുമാരി, പരമേശ്വരൻ പിള്ള, മിനി. ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Related Articles

Latest Articles