ഇരിങ്ങാലക്കുട: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. പശ്ചിമ ബംഗാള്‍ ജാല്‍പൈഗൂരി രാംജോറ ജെറ്റ ലെനില്‍ ബിനു ഒറയോണ്‍ (39) എന്നയാളെയാണ് ശിക്ഷിച്ചത്. കേസിൽ 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. മാത്രമല്ല പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2018 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം.
പുത്തൻചിറ കരിങ്ങാച്ചിറ പേൻതുരുത്ത് റോഡിലെ ഫാമിനോട് ചേര്‍ന്ന വീട്ടിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിൽ മാള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.കെ. ഭൂപേഷ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.

