Monday, May 6, 2024
spot_img

എസ്‌ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദബന്ധം? ഷെമിമിനും തൗഫിഖിനുമെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

പാറശ്ശാല: കളിയിക്കാവിളയില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരെന്ന് പൊലീസ്. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തേ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയില്‍ പൊലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെക്ക്‌പോസ്റ്റില്‍ കയറി വെടിവച്ച് കൊന്നിരിക്കുന്നത്. സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട് ഡിജിപി കേരളത്തിലെത്തിയിട്ടുണ്ട് എന്നതുതന്നെ വിഷയത്തിന്റെ ഗൗരവസ്ഥിതി വ്യക്തമാക്കുന്നതാണ്.

കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവര്‍ക്കായി സംസ്ഥാനമെമ്പാടും ഊര്‍ജിത തിരച്ചില്‍ നടത്തുകയാണ് കേരളാ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ യുവാക്കളുടെ ചിത്രങ്ങള്‍ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളില്‍ വാഹനപരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം കിട്ടിയിട്ടുണ്ട്. ഇവരുടെ പക്കല്‍ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശവുമുണ്ട്.

വ്യക്തമായ ക്രിമിനല്‍ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും. കൊലക്കേസ് പ്രതികളാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാഠിയും കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെയും മറ്റ് പ്രധാനമേഖലകളിലെയും സുരക്ഷാ സാഹചര്യങ്ങള്‍ ഇരുവരും ചേര്‍ന്ന് വിലയിരുത്തി. തമിഴ്‌നാട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ജയന്ത് മുരളിയും എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Related Articles

Latest Articles