Tuesday, October 20, 2026

സുധാകരനെതിരായ പരാമർശത്തിൽ എം.വി ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണം; ഡി.ജി.പിക്ക് പരാതി നൽകി പൊതുപ്രവർത്തകൻ

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെതിരായ ആരോപണത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ ഡിജിപിക്ക് പരാതി. പോക്സോ കേസിൽ സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനപരമെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് എം.വി ഗോവിന്ദനെതിരേ പരാതി നൽകിയത്.

പോക്‌സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍, പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ് എം.വി. ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നുത്. ഈ പരാമർശത്തിലാണ് ഇപ്പോൾ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുന്നത്. എന്നാൽ സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നും നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ലന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതോടെ എം.വി ഗോവിന്ദൻ പ്രതിരോധത്തിലായി .എം.വി. ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

പ്രസ്താവന കലാപം ലക്ഷ്യമിട്ടു കൊണ്ടാണെന്നാണ് പായിച്ചിറ നവാസ് നൽകിയ പരാതിയിൽ പറയുന്നത്. ‘സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ലക്ഷ്യമിട്ട് ബോധപൂർവ്വമാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. എം.വി. ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണം. തിരുവനന്തപുരത്തെ എല്ലാ മാധ്യമങ്ങളുടേയും ബ്യൂറോ ചീഫുമാരെ സാക്ഷികളാക്കണം’- പരാതിയിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles