Sunday, October 4, 2026

ഇനി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ പേടിക്കേണ്ട: ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുമായി സർക്കാർ, 419 സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസിന് കൂടുതൽ ജനസൗഹൃദ മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പരാതികളുമായി പോലീസ് സ്റ്റേഷനിലെത്തുന്നവർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി പരാതിക്കാർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്ക് ഒരുക്കും. വനിതകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ട്രാൻസ്ജെൻഡർ വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സഹായ സംവിധാനങ്ങളും ലഭ്യമാകും. സൈബർ ക്രൈം സംബന്ധിച്ച സഹായം, നിയമസഹായം തുടങ്ങിയ സേവനങ്ങളും മൈ പൊലീസ് സ്റ്റേഷനുകളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ചടങ്ങിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.

ഇതിനിടെ, സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല സംബന്ധിച്ചും ആഭ്യന്തരവകുപ്പ് നിർണായക ഉത്തരവിറക്കി. നാളെ മുതൽ സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്കായിരിക്കും. നിലവിൽ ഇൻസ്പെക്ടർമാർ എസ്‌എച്ച്‌ഒമാരായി ചുമതല വഹിച്ചിരുന്ന സ്റ്റേഷനുകളിലടക്കം മാറ്റങ്ങൾ ഉണ്ടാകും.

അതേസമയം, 63 പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തന്നെ എസ്‌എച്ച്‌ഒമാരായി തുടരും. 203 എസ്‌എച്ച്‌ഒമാരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളെ വെറും പരാതി സ്വീകരിക്കുന്ന ഇടങ്ങളായി കാണാതെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സേവനകേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇനി പോലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരന് ലഭിക്കുന്ന അനുഭവം എങ്ങനെ മാറും എന്നതാണ് ശ്രദ്ധേയം.

Related Articles

Latest Articles