Tuesday, November 3, 2026

നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ ദുരൂഹതകൾ ഏറുന്നു !പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം; അഫാന് സാമ്പത്തികബാധ്യത ഉള്ളതായി അറിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഇനിയും വ്യക്തത ഇല്ലെന്ന് പോലീസ്.പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം.അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്‍റെ പിതാവ് റഹീം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസ് പറയുന്നത്.പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്ന അഫാൻ്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.തിരുവനന്തപുരം പേരുമലയിലും ആ‌ർ.എൽ പുരത്തും പാങ്ങോടുമായി മൂന്നുവീടുകളിലെ അഞ്ചുപേരെയാണ് അഫാൻ എന്ന 23കാരൻ കൊലപ്പെടുത്തിയത്. വെട്ടേറ്റ പ്രതിയുടെ ഉമ്മ ഷെമി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സഹോദരൻ അഫ്‌സാൻ,​ പെൺസുഹൃത്ത് ഫർസാന,​ വാപ്പയുടെ ഉമ്മ സൽബാ ബീവി,​ പിതൃസഹോദരി ഷാഹിദ,​ ഭർത്താവ് ലത്തീഫ് എന്നിവരെയാണ് പ്രതി അഫാൻ കൊലപ്പെടുത്തിയത്. മൂന്നുവീടുകളിലായാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ മുതൽ തുടങ്ങിയ കൊലപാതക സംഭവങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles