Tuesday, April 16, 2024
spot_img

അദ്ധ്യാപകന്റെ ദുരൂഹ മരണം;കേസെടുത്ത് പോലീസ്; വീട്ടിൽ ഫോറൻസിക് പരിശോധന നടത്തും

മൂന്നാർ:സ്വകാര്യ സ്കൂളിലെ അദ്ധ്യാപകന്റെ ദുരൂഹ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ്. അദ്ധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കട്ടപ്പന ശാന്തിഗ്രാം സ്വദേശി അരുൺ തോമസ് ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്.

ചൊവ്വ രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ ഇദ്ദേഹം 11 ഓടെ തിരികെ വീട്ടിൽ എത്തിയ ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന പിതാവിനോട് ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു. പുറത്തേക്കിറങ്ങിയ പിതാവ്, ഏറെ നേരമായി മുറിക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്ന മകനെ അന്വേഷിച്ച് വീടിനുള്ളിൽ കയറി. കതകിൽ മുട്ടി വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. കതക് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.തുടർന്ന് സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അരുൺ തോമസിനെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ തന്നെ സ്കൂളിൽ വിളിച്ച് വിവരം അറിയിച്ചു. നാട്ടുകാരും അദ്ധ്യാപകരും കുട്ടികളും എത്തി വാതിൽ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൂന്നാർ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചതിനു ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യിച്ചിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ധ്യാപകൻ അസ്വസ്ഥനായിരുന്നു. സ്കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നതും വ്യക്തമല്ല. വീട് പൊലീസ് പൂട്ടിയിട്ടിരിക്കുകയാണ്. നാളെ ഫോറൻസിക് വിദഗ്ധർ അദ്ധ്യാപകന്റെ വീട്ടിൽ പരിശോധന നടത്തും.

Related Articles

Latest Articles