Sunday, May 19, 2024
spot_img

കോയമ്പത്തൂർ സംഗമേശ്വർ ക്ഷേത്രം ആക്രമിക്കാൻ പദ്ധതി? പോലീസിനെ കണ്ടപ്പോൾ സ്വയം പൊട്ടിത്തെറിച്ചതോ? സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുവാവിന് ഭീകരബന്ധമെന്ന് സംശയം: എൻ ഐ എ അന്വേഷണമാരംഭിച്ചു, ജില്ലയിലാകെ കനത്ത സുരക്ഷ

കോയമ്പത്തൂർ: ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഓടുന്ന കാറിനുള്ളിൽ നടന്ന സ്ഫോടനത്തിൽ എൻജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിൻ (25) മരിച്ചു. 23ന് പുലർച്ചെയാണ് സംഭവം നടന്നത്. കാർ പോര്ണ്മായും കത്തി നശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇയാൾ ഉക്കടം ജിഎം നഗറിൽ താമസിച്ചുവരികയായിരുന്നു.

സംഭവത്തിന് ശേഷം പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇയാളെ 2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ടെന്നും വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്‌ഫോടനം നടന്നത്. ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. കോയമ്പത്തൂർ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കി.

സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് സംഭവസ്ഥലം പരിശോധിച്ച ശേഷം ഡിജിപി പറഞ്ഞു. പൊട്ടാത്തതുൾപ്പെടെ രണ്ട് എൽപിജി സിലിണ്ടറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം മിൽക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തിൽ കണ്ണൻ പുലർച്ചെ നാല് മണിയോടെ കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാർ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. കോട്ടായി സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീൽ ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാനും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കത്തിനശിച്ച കാർ എന്നും സൂചന‌യുണ്ട്.

Related Articles

Latest Articles