Monday, May 6, 2024
spot_img

തിന്മയെ മറികടന്ന് നന്മയിലേക്ക്: ദീപാവലി ആഘോഷ നിറവിൽ രാജ്യം

അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള ആഘോഷമായ ദീപാവലി വൻ ഉത്സവമാക്കി രാജ്യം. വെളിച്ചത്തെ ഉപാസിക്കുന്ന ദീപാവലി ഇന്നാണെങ്കിലും ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു.

ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. വീടുകൾ വിളക്കുകളും ചെരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ദീപാവലി ഐതിഹ്യം.

ദീപാവലിയോടനുബന്ധിച്ച് ആയോദ്ധ്യയിലെ ശ്രീരാമ രാജാഭിഷേക പൂജയിലും ലക്ഷം ദീപം തെളിയിക്കൽ ചടങ്ങിലും പ്രധാനമന്ത്രി പങ്കുചേർന്നിരുന്നു. ദീപങ്ങൾ കത്തിച്ചും മധുരം പങ്കിട്ടും രംഗോലി ഒരുക്കിയുമാണ് എല്ലാവരും നന്മയുടേയും ഐശ്വര്യത്തിന്റെയും ഉത്സവത്തെ വരവേൽക്കുന്നത്.

ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി. സൂര്യൻ തുലാരാശിയിൽ കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തിൽ ദീപാവലി ആഘോഷിക്കുന്നു. എന്നാൽ കാശി പഞ്ചാംഗ പ്രകാരം കൃഷ്ണപക്ഷത്തിലെ അമാവാസി നാളിലാണ് ദീപാവലി. ലക്ഷ്മീ പൂജയും ഇതേ ദിവസമാണ്. അമാവാസി രണ്ട് ദിവസമുണ്ടെങ്കിൽ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. ചില പഞ്ചാംഗങ്ങളനുസരിച്ച് കൃഷ്ണപക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യൻ തുലാരാശിയിലെത്തുമ്പോൾ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളിൽ പറയുന്നു.

Related Articles

Latest Articles