Saturday, April 27, 2024
spot_img

ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നാളെ യു.എസിലേക്ക്; ജോ ബൈഡനും കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നാളെ യുഎസിലേക്ക് പോകുന്നത്. പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുന്നത്.ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാനിലെ യോഷിഹൈഡ് സുഗ എന്നിവരും യോഗത്തിൽ പങ്കെടുക്കാനായി വൈറ്റ് ഹൗസിലെത്തും.

ക്വാഡ് ഉച്ചകോടിക്ക് മുൻപായി സെപ്റ്റംബർ 23 ന് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളായ ജപ്പാൻ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായും നരേന്ദ്രമോദി ചർച്ച നടത്തും. ക്വാഡ് സഖ്യത്തിലെ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യ ഇതിനോടകം തന്നെ ടു പ്ലസ് ടു ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യത്തെ ടു-പ്ലസ് ടു ചർച്ച സെപ്റ്റംബർ 11 ന് ആണ് ഡൽഹിയിൽ വെച്ച് നടന്നത്.

ക്വാഡ് ഉച്ചകോടിക്ക് മുൻപായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കയിലെത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് മുൻപായുള്ള അടിസ്ഥാന ചർച്ചകൾക്കായാണ് വിദേശകാര്യ മന്ത്രി യുഎസിലെത്തിയത്. താലിബാൻ വിഷയം തന്നെയായിരിക്കും ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം. താലിബാൻ മന്ത്രി സഭയിൽ സ്ത്രീകൾക്കോ ന്യൂനപക്ഷത്തിനോ അംഗത്വമില്ലാത്തത് ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

അതേസമയം വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വാഷിങ്ടൺ ഡി.സിയിൽ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് മഹാമാരി ഇന്ത്യയിൽ പടർന്നുപിടിച്ചതിനു ശേഷം പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വിദേശ നയതന്ത്ര യാത്രയാണിത്. 2014 മുതൽ നൂറിലധികം വിദേശ യാത്രകളാണ് നരേന്ദ്ര മോദി നടത്തിയത്. ഇതെല്ലാം ഇന്ത്യയ്ക്ക് വൻ നേട്ടങ്ങളാണുണ്ടാക്കിയത്. കുറഞ്ഞത് 60 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. എന്നാൽ കോവിഡ് മഹാമാരി ഈ വർഷം ആദ്യം വരെ എല്ലാ നയതന്ത്ര യാത്രകളും സ്തംഭിപ്പിച്ചിരുന്നു.

Related Articles

Latest Articles