Sunday, May 5, 2024
spot_img

തലസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി മോഷണം; തിരിഞ്ഞു നോക്കാതെ അധികൃതര്‍; ടെമ്പിൾ തെഫ്റ്റ് സ്ക്വാഡ് നവീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കമലേശ്വരം, മുട്ടത്തറ വാർഡുകളിലായി അഞ്ചോളം ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടര്‍ച്ചയായി മോഷണം. ഇത് തടയാനോ, മോഷ്ടാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുവാനോ ഇതുവരെയും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ 6 മാസത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഏതാണ്ട് ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങളിലാണ് ഇത്തരത്തില്‍ മോഷണം നടന്നിരിക്കുന്നത്. നിരന്തരം ഉണ്ടാകുന്ന ഇത്തരം ക്ഷേത്ര മോഷണങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ടെമ്പിൾ തെഫ്റ്റ് സ്ക്വാഡ് പുനരുജ്ജീവിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂർ സർക്കാരിനോടാവശ്യപ്പെട്ടു. ഇതേ അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ ഭക്തജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ഇന്നലെ മോഷണം നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കമലേശ്വരം ശിവക്ഷേത്രം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഷാജു വേണുഗോപാൽ, താലൂക്ക് സെക്രട്ടറി രാമൻകുട്ടി നായർ, രാജിവ് എന്നിവർ സന്ദർശിച്ചിരുന്നു. ഇതിനുശേഷമായിരുന്നു ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടത്.

ഹൈവേയിൽ സ്ഥിതി ചെയ്യുന്ന നീലകണ്ഠസ്വാമി ശിവക്ഷേത്രം, പനമൂട് ദേവീ ക്ഷേത്രം, തുറയിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം, ആര്യൻ കുഴി ഭഗവതി ക്ഷേത്രം, ഏറ്റവും ഒടുവിൽ കമലേശ്വരം മഹാദേവർ ക്ഷേത്രം എന്നിവടങ്ങളിലാണ് തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നത്. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു. ഇതിൽ പല ക്ഷേത്രങ്ങളിലും ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണാഭരണങ്ങളും, വെള്ളിയാഭരണങ്ങളുമാണ് മോഷ്ടാക്കൾ അപഹരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Related Articles

Latest Articles