Saturday, May 18, 2024
spot_img

നാസയുടെ വേറിട്ട പരീക്ഷണം; കണവ കുഞ്ഞുങ്ങൾ ബഹിരാകാശ നിലയത്തിൽ; കൗതുകത്തോടെ ശാസ്ത്രലോകം

വാഷിംഗ്ടൺ: ഹവായിയിൽ നിന്ന് ഡസൻ കണക്കിന് കണവ കുഞ്ഞുങ്ങളെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസയുടെ വേറിട്ട പഠനം. ഹവായ് യൂണിവേഴ്സിറ്റിയിലെ കെവാലോ മറൈൻ ലബോറട്ടറിയിൽ വളർത്തിയെടുത്ത ഹവായിയൻ ബോബ്ടെയിൽ സ്ക്വിഡ് ഗണത്തിൽ പെട്ട കണവ കുഞ്ഞുങ്ങളെയാണ് പഠനത്തിനായി നാസ ബഹിരാകാശത്തേക്ക് അയച്ചത്. ഈ മാസം ആദ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സ് ദൗത്യത്തിൽ ആണ് ഇവയെ ബഹിരാകാശത്തേക്ക് എത്തിച്ചത് എന്നാണ് നാസ വ്യക്തമാക്കുന്നത്. ഹവായ് സർവകലാശാലയിലെ ഗവേഷകനായ ജാമി ഫോസ്റ്റർ ആണ് ദൗത്യത്തിന് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യന്‍റെ ആരോഗ്യത്തെ ശക്തിപ്പെടുത്താൻ ഇവ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇതിന്‍റെ കൂടുതൽ പഠനങ്ങൾക്കായാണ് കണവ കുഞ്ഞുങ്ങളെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത് എന്നാണ് ഇപ്പോൾ നാസ ഗവേഷകർ വെളിപ്പെടുത്തുന്നത്. “കണവകൾക്ക് പ്രകൃതിദത്ത ബാക്ടീരിയകളുമായി ഒരു സഹജമായ ബന്ധമുണ്ട്. അത് അവയുടെ ബയോലുമിനെസെൻസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ബഹിരാകാശയാത്രികർ കുറഞ്ഞ ഗുരുത്വാകർഷണത്തിലായിരിക്കുമ്പോൾ അവരുടെ ശരീരത്തിലെ സൂക്ഷ്മജീവികളുമായുള്ള ബന്ധം മാറും” ഹവായ് സർവകലാശാല പ്രൊഫസർ മാർഗരറ്റ് മക്ഫാൾ എൻഗായ് പറഞ്ഞു.

“മനുഷ്യരുടെ സൂക്ഷ്മജീവികളുമായുള്ള സഹവർത്തിത്വം കുറഞ്ഞ ഗുരുത്വാകർഷണത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ബഹിരാകാശ യാത്രികരുടെ ആരോഗ്യത്തെ ബാധിക്കും. എന്നാൽ കണവകൾക്ക് ഇവ മറികടക്കാൻ ഉള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നു. ഇതിൽ കൂടുതൽ പഠനങ്ങൾക്കായാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് “, ജാമി ഫോസ്റ്റർ പറയുന്നു.

“ബഹിരാകാശയാത്രികർ കൂടുതൽ നേരം ബഹിരാകാശത്ത് ചെലവഴിക്കുമ്പോൾ, അവരുടെ രോഗപ്രതിരോധ ശേഷി കുറയാൻ ഇടയാക്കും. ശരീരത്തിലെ ബാക്ടീരയകളുടെ പ്രവർത്തനം പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ഇത്. ഇവയെ മറികടക്കാൻ കണവ സഹായിക്കുമെന്നാണ് പ്രതീക്ഷ” ഫ്ലോറിഡ പ്രൊഫസർ കൂടിയായ ഫോസ്റ്റർ വ്യക്തമാക്കുന്നു.”ബഹിരാകാശത്ത് കണവയ്ക്ക് എന്ത് സംഭവിക്കുമെന്ന് മനസിലാക്കുന്നതിലൂടെ ബഹിരാകാശയാത്രികർ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും” ഫോസ്റ്റർ പറഞ്ഞു. “മനുഷ്യർ ചന്ദ്രനിലോ ചൊവ്വയിലോ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ സുരക്ഷിതമായി അവിടെ എത്തിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്, അതിനാണ് ഈ പരീക്ഷണം”, ഫോസ്റ്റർ കൂട്ടിച്ചേർത്തു.ലോകമെമ്പാടുമുള്ള ഗവേഷണ പ്രോജക്ടുകൾക്കായി കെവാലോ മറൈൻ ലബോറട്ടറി കണവയെ വളർത്തുന്നു. ജൂലൈയിൽ കണവ വീണ്ടും ഭൂമിയിലേക്ക് തിരിച്ച് വരും എന്നാണ് ഇപ്പോൾ ഇവർ ശാസ്ത്രലോകത്തോട്‌ പറയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles