Saturday, May 4, 2024
spot_img

‘മഹാമാരിയിലും പതറാതെ പടപൊരുതുന്നവർ’ ; നമ്മുടെ ആരോഗ്യം ആ കൈകളിൽ ഭദ്രം; ഇന്ന് ഡോക്ടേഴ്സ് ഡേ

ഇന്ന് ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. ബീഹാറിലെ പാട്നയിൽ ജനിച്ച അദ്ദേഹം രാജ്യത്തിനകത്തും പുറത്തും ഒരുപോലെ പ്രശസ്തി നേടിയ വ്യക്തിയാണ് . വിവിധ പദവികൾ അലങ്കരിച്ചെങ്കിലും ഏറ്റവും നല്ല ഡോക്ടർ എന്ന നിലയിലാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ഇടം നേടിയിട്ടുള്ളത്.

സമൂഹത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. കൊവിഡിനെ ചെറുക്കാൻ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്ന് വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

കോവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ചാണ് ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്.

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഡോക്ടര്‍മാരെ നാം എത്ര അഭിനന്ദിച്ചാലും മതി വരില്ല. രാജ്യത്ത് ഡോക്ടർമാരുൾപ്പടെയുള്ള എത്രയോ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപെട്ടു. ഐഎംഎ കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മാത്രം രാജ്യത്ത് ഇതുവരെ 798 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി.

‘രക്ഷകരെ സംരക്ഷിക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം. കേരളത്തില്‍ കോവിഡ് രോഗമുക്തി കൂടുന്നതിനും മരണനിരക്ക് കുറയുന്നതിനും കാരണം ഡോക്ടർമാരുടെ അക്ഷീണപ്രയത്നമാണ്‌. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാരുടെ കരുത്തിലാണ് നാം മുന്നോട്ട് പോകുന്നത്. മഹാമാരികള്‍ക്കെതിരെ പോരാടുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും നന്ദി !

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles