ദില്ലി : ദേശീയപാത 66-ലെ പാതയിടിച്ചിലും വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാരെ രണ്ടുവർഷത്തേക്ക് വിലക്കുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് പുതുക്കിപ്പണിയുന്നതിൽ കമ്പനിയിൽനിന്ന് പൂർണ്ണമായ നഷ്ടപരിഹാരം ഈടാക്കും. കമ്പനി 85 കോടിയുടെ നിർമാണം അധികമായി നടത്തണം. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) എന്നിവർക്കെതിരെയാണ് നടപടിയുണ്ടാകുക.
കഴിഞ്ഞ മാസം 19-നാണ് ദേശീയപാത 66-ന്റെ കൂരിയാട് മേഖലയിൽ ചില ഭാഗങ്ങൾ ഇടിഞ്ഞുതാണത്. സംഭവത്തിൽ ഉടനടി ഇടപെടൽ നടത്തിയ കേന്ദ്രസർക്കാർ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗസംഘത്തെ പരിശോധനയ്ക്ക് അയക്കുകയും ഇവരുടെ പ്രഥമവിവര റിപ്പോർട്ട് അനുസരിച്ച് കരാർ കമ്പനിയെ ഡീബാർ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കേരളത്തില്‍ പലയിടത്തും വ്യാപകമായി ദേശീയപാതാനിര്‍മാണത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തില്‍ ആറുവരിപ്പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിലും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിലും ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന് എന്‍എച്ച്എഐ നല്‍കിയ റിപ്പോര്‍ട്ട്.

