ലോകം പോലും നമിക്കുന്ന കേരളത്തിലെ ഗണിത -ജ്യോതിശാസ്ത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രം | National Mathematics Day 2021
ഡിസംബര്‍ 22. ഗണിതശാസ്ത്ര രംഗത്തെ എക്കാലത്തേയും മഹാനായ ശ്രീനിവാസ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണിന്ന്. ഈ ദിവസം ദേശീയ ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നു. വൈദിക കാലംമുതല്‍ അനുസ്യൂതം പ്രവഹിച്ച ഒരു വൈജ്ഞാനിക ധാരയുടെ ഒടുവിലത്തെ കണ്ണിയായിരുന്നു ശ്രീനിവാസ രാമാനുജന്‍.
ലോകത്തെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരുടെ പട്ടികയെടുത്താല്‍ അവരിലൊരാള്‍ ശ്രീനിവാസ രാമാനുജനാണ്. ആധുനിക ഇന്ത്യയില്‍ അദ്ദേഹത്തെ വെല്ലാന്‍ മറ്റൊരു ഗണിതജ്ഞന്‍ ഇല്ല എന്നാണ്.
കേവലം 33 വര്‍ഷം മാത്രം ജീവിച്ച ഈ മഹാപ്രതിഭ തന്റെ കണക്കിലെ പ്രാവീണ്യം കൊണ്ടാണ് ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം നേടി എന്നത് അസൂയാവഹമായ നേട്ടമായിരുന്നു. കണക്കിന്റെ ഈ കളിത്തോഴന്റെ ഹ്രസ്വജീവിതം വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കെല്ലാം വലിയ പ്രചോദനം നല്‍കുന്നതാണ്.
ഇന്ത്യ പൗരാണിക കാലം തൊട്ടേ ഗണിത ശാസ്ത്ര മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി വന്ന രാജ്യമാണ്. വിശ്വപ്രതിഭകളായ അനേകം ഗണിതശാസ്ത്രജ്ഞര്‍ ഈ മണ്ണില്‍ ജീവിച്ചു. എല്ലാ ശാസ്ത്രങ്ങളുടേയും റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്നങ്ങളും ഗണിത ശാസ്ത്രത്തിലധിഷ്ഠിതമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നിഗമനം. അതേസമയം ഗണിത – ജ്യോതിശാസ്ത്ര പഠന മേഖലകള്‍ക്ക് ഭാരതം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. വേദകാലഘട്ടം മുതല്‍ തന്നെ ഇതിനെക്കുറിച്ച് നിരവധി സൂചനകളുണ്ട്. അക്ഷരലക്ഷഗണിത ശാസ്ത്രം എഴുതിയ വാത്മീകി മുതല്‍ ഹോരാശാസ്ത്രം എഴുതിയ വരാഹമിഹിരനിലൂടെ നൂറ്റാണ്ടുകള്‍ താണ്ടി രാമാനുജനിലൂടെ കടന്നുവരുന്ന പ്രവാഹമാണിത്.
ഇതില്‍ തന്നെ ബി.സി. എട്ടാം നൂറ്റാണ്ട് മുതല്‍ എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ ഭാരതം ഗണിതശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എ.ഡി. പത്താം നൂറ്റാണ്ടിനു ശേഷം ഉത്തരഭാരതത്തില്‍ നിന്ന് ഗണിതശാസ്ത്ര സംഭാവനകള്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള ആചാര്യന്‍മാരുടെ സംഭാവന അക്കാലത്ത് ഈ രംഗത്തെ സുവര്‍ണ ശോഭയോടെ നിലനിര്‍ത്തി. ഇവരില്‍ പ്രസിദ്ധനായിരുന്നു കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്ന ഗുരുശിഷ്യ പരമ്പര സ്ഥാപിച്ച സംഗമ ഗ്രാമ മാധവന്‍. ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന് അര കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് ഇരിങ്ങാടപ്പള്ളി മന. മനയുടെ വകയായി ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. 1700 വര്‍ഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കണക്കാക്കുന്നത്. ഇരിങ്ങാലക്കുടയുടെ നാലതിരുകള്‍ക്കപ്പുറത്ത് അടുത്തകാലം വരെ ഈ മനയുടേയോ ക്ഷേത്രത്തിന്റേയോ പ്രശസ്തി എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗണിത ശാസ്ത്ര ജ്യോതിശാസ്ത്ര പണ്ഡിതന്‍മാര്‍ ഈ മനയും ക്ഷേത്രവും തേടി എത്തിത്തുടങ്ങി.
ഈ മനയിലും പരിസരത്തുമാണ് സംഗമഗ്രാമ മാധവന്‍ എന്ന മാധവന്‍ നമ്പൂതിരി ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ പാഠ്യവിഷയം. ഇതാണ് പാശ്ചാത്യലോകം ഇവിടേക്കെത്താന്‍ കാരണം. സംഗമഗ്രാമ മാധവന്റേതായി നിരവധി ഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ‘വേണ്വാരോഹം’ എന്ന ഗ്രന്ഥമാണ് പ്രധാനമായി കണക്കാക്കുന്നത് അഥവാ ലഭിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെ രചനകള്‍ വഴിയാണ് സംഗമഗ്രാമ മാധവന്റെ കണ്ടുപിടുത്തങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നത്. അപരിമിത ശ്രേണികള്‍ മുഖേന സമവൃത്തത്തിന്റെ പരിധി കണക്കാക്കാന്‍ സൂത്രം കണ്ടുപിടിച്ച ഗണിത ശാസ്ത്രജ്ഞന്‍, ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ജയിംസ് ഗ്രിഗറിയുടെ ആചാര്യസ്ഥാനം കവര്‍ന്ന പ്രതിഭ, ജീവേപരസ്പര ന്യായത്തിന്റെ ഉപജ്ഞാതാവ്, ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് തുടങ്ങിയ സിദ്ധാന്തങ്ങള്‍ രൂപവത്കരിച്ച മഹാന്‍, കപടയാദി സമ്പ്രദായത്തില്‍ സൈന്‍ പട്ടിക ഉണ്ടാക്കിയ പ്രതിഭാസം തുടങ്ങി നിരവധി വിശേഷണങ്ങളാണ് സംഗമഗ്രാമ മാധവന് പാശ്ചാത്യലോകത്തിലെ ഗണിതശാസ്ത്ര സമൂഹം ചാര്‍ത്തിക്കൊടുത്തത്.
ഇദ്ദേഹത്തിന് സംഗമഗ്രാമ മാധവന്‍ എന്നറിയപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയത് ഉള്ളൂരായിരുന്നു. ഇതിനാല്‍ തന്നെ സംഗമപുരി എന്നറിയപ്പെട്ട ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാറപ്പിള്ളി അഥവാ ഇരിങ്ങാടപ്പിള്ളി മനയായിരുന്നു ഇദ്ദേഹത്തിന്റെ വീട് എന്നും കെണ്ടത്തുകയായിരുന്നു.
മാധവന്‍ നമ്പൂതിരിയുടെ ഉപാസനമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ ക്ഷേത്രവും, അദ്ദേഹം വാനനിരീക്ഷണത്തിനും രചനക്കും വേണ്ടി ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന കരിങ്കല്‍ പീഠവും ഇപ്പോഴും ഇവിടെ കാണാം. എ.ഡി. 1350നും 1425നും ഇടയ്ക്കായിരുന്നു ഇദ്ദേഹത്തിന്റെ കാലം എന്ന് കണക്കാക്കുന്നു. തുടര്‍ന്ന് ഇങ്ങോട്ടുവന്ന കേരളീയ ഗണിത-ജ്യോതിശാസ്ത്ര പണ്ഠിതര്‍ക്കെല്ലാം ആരാധ്യനായിരുന്നു സംഗമഗ്രാമ മാധവനെന്ന് അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയില്‍പ്പെട്ടവര്‍ എഴുതിയ കൃതികള്‍ തെളിവു നല്‍കുന്നു. ഗോള ഗണിതത്തില്‍ അദ്വിതീയനായിരുന്നു ഇദ്ദേഹം. ‘ഗോളവിദ്’ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.

