നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സുരേഷ് ഗോപി രംഗത്ത്. നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു. എന്നാൽ, പണം ചെലവാക്കുന്നത് പാർട്ടിയെ കനപ്പിക്കാനാണെന്നും സുരേഷ് ഗോപി വിമർശിച്ചു.
സിപിഐഎം നേതാക്കളുടേത് വെറും വാചകം മാത്രമാണ്. കൂടാതെ, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് രാക്ഷസ വാഹനമാണ്. സഞ്ചരിക്കുന്ന ആ രാക്ഷസ വാഹനത്തെയും ചെളിയിൽനിന്ന് തള്ളിക്കയറ്റുക. നല്ല തമാശകളൊക്കെയാണ് നവകേരള സദസിൽ നടക്കുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു. താൻ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കൂടാതെ, നവകേരള സദസിന്റെ ബസിന് മുന്നിൽച്ചാടി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും സുരേഷ് ഗോപി അഭിനന്ദിച്ചു. ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. അവർ ആ വണ്ടിക്കു മുന്നിൽ ചാടിയതും തല്ലു കൊണ്ടതും ജനങ്ങൾക്ക് വേണ്ടിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

