Saturday, May 4, 2024
spot_img

നവരാത്രി ഘോഷയാത്ര വാഹനത്തിൽ; ആചാര ലംഘനത്തിനെതിരെ ശക്തമായ എതിർപ്പുമായി ബിജെപി

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള നവരാത്രി വിഗ്രഹങ്ങൾ വാഹനത്തിൽ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ആചാരലംഘനത്തിനെതിരെ ആണ് ബിജെപി രംഗത്തെത്തിയത്. നവരാത്രികാലത്ത് തിരുവനന്തപുരത്ത് നടന്നു വരുന്ന പരമ്പരാഗത ചടങ്ങാണ് സരസ്വതി വിഗ്രഹത്തിന്റേയും കുമാരസ്വാമിയുടേയും മുന്നുറ്റിനങ്കയുടേയും എഴുന്നള്ളത്ത്. പത്മനാഭപുരത്ത് നിന്ന് കാൽനടയായാണ് ഈ വിഗ്രഹങ്ങൾ തിരുവനന്തപുരത്ത് പൂജയ്ക്ക് എത്തിക്കുന്നതും മടക്കിക്കൊണ്ടു പോകുന്നതും.

എന്നാൽ കോവിഡ് കാരണം ഇത്തവണ ഘോഷയാത്ര വാഹനത്തിലാക്കാൻ സർക്കാർ തീരുമാനിച്ചു. കന്യാകുമാരി – തിരുവനന്തപുരം ജില്ലാ കളക്ടർമാരും ക്ഷേത്രട്രസ്റ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലായിരുന്നു ഈ തീരുമാനം. എന്നാൽ ഹൈന്ദവസംഘടനകളുമായി ചർച്ച നടത്താതെ എടുത്ത തീരുമാനം ആചാരലംഘനമാണ്.തുടർന്ന് സർക്കാരിന്റെ ആചാരലംഘനത്തിനെതിരെ ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് വാഹനത്തിലുള്ള യാത്ര നിശ്ചയിച്ചിരിക്കുന്നത്.

പരമ്പരാഗത രീതിയിൽ ഈ വർഷവും നവരാത്രി ആഘോഷം നടത്തണമെന്ന് ബിജെപി നേതാവ് വിവി രാജേഷ് ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനകളുമായി ആലോചിക്കാതെയാണ് നവരാത്രി ഘോഷയാത്ര ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. ഏകപക്ഷീയമായി എടുത്ത ഈ തീരുമാനത്തിൽ സർക്കാരും തിരുവനന്തപുരം കോർപ്പറേഷനും ഒരേ പോലെ പ്രതിസ്ഥാനത്താണെന്നും വിവി രാജേഷ് കുറ്റപ്പെടുത്തി. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സർക്കാരോ കോർപ്പറേഷനോ ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്തിയിരുന്നുവെങ്കിൽ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് അറിയിക്കുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

Related Articles

Latest Articles