Monday, September 21, 2026

നവീൻ ബാബുവിന്റെ മരണം ! ടി വി പ്രശാന്തന് വരവിൽ കവിഞ്ഞ സമ്പാദ്യമെന്ന് ആരോപണം ! വിജിലൻസിൽ പരാതി

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി. ഇലക്ട്രിക്കൽ ഹെൽപ്പറായി ജോലി ചെയ്യുന്ന ടി വി പ്രശാന്തന് മാസം 27000 രൂപ മാത്രമാണ് ശമ്പളമെന്നിരിക്കെ 80 ലക്ഷം രൂപ ചെലവഴിച്ച് ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പിന്നിൽ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്നാണ് ആരോപണം. കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനനാണ് ആരോപണം ഉന്നയിച്ച് വിജിലൻസിന് പരാതി നൽകിയത്. അഴിമതി തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ടി വി പ്രശാന്തനെ ഇക്കഴിഞ്ഞ ശനിയാഴ്ച ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു നടപടി. ആരോഗ്യവകുപ്പ് സെക്രട്ടറി വിഷയത്തിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇയാൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ടായിരുന്നു.

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന്‍ എങ്ങനെയാണ് പെട്രോള്‍ പമ്പൊക്കെ തുടങ്ങാന്‍ അപേക്ഷയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു പ്രധാന ചോദ്യം.

എഡിഎമ്മിന്റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ വിവാദത്തെത്തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ ആദ്യഘട്ടങ്ങളിൽ പരസ്യപ്രതികരണവുമായി പ്രശാന്തന്‍ വന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഇയാൾ ഓടിയൊളിക്കുകയും ചെയ്തു. നേരത്തെ വിവാദങ്ങളെത്തുടർന്ന് മെഡിക്കല്‍ കോളേജിലെ ജോലിയില്‍ ഇയാൾ അവധിയില്‍ പ്രവേശിച്ചിരുന്നു. 10 ദിവസത്തെ അവധിയ്ക്കാണ് ആദ്യം അപേക്ഷിച്ചത്. പിന്നീട് അവധി നീട്ടി ചോദിക്കുകയും ചെയ്തു. അതിനിടെയാണ് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്

Related Articles

Latest Articles