Monday, October 12, 2026

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം: 15 സൈനികര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ആക്രമണത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിവച്ചു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം. അതേസമയം, ആക്രമണം ഉണ്ടായതായി പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മാവോയിസ്റ്റ് ബാധിത മേഖലയിലൂടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് വഴിയില്‍ കുഴിച്ചിട്ടിരുന്ന കുഴിബോംബ് പൊട്ടിയത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോനത്തില്‍ വാഹനം ചിന്നിച്ചിതറി. വാഹനത്തിലുണ്ടായിരുന്ന 16 പേരും തത്സമയം കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മാവോയിസ്റ്റുകള്‍ വാഹനത്തിന് നേരെ വെടിവച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടു.

Related Articles

Latest Articles