Saturday, October 24, 2026

ഇനിയൊരു അങ്കത്തിന് ബാല്യമില്ല !ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി എൻസിപി മേധാവി ശരദ് പവാർ

മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി എൻസിപി മേധാവി ശരദ് പവാർ. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ പറഞ്ഞു. ബരാമതിയിൽ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവെയായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. അതേസമയം രാജ്യസഭാ എംപി എന്ന നിലയിൽ 18 മാസത്തെ കാലാവധി ശരദ് പവാറിന് ബാക്കിയുണ്ട്.

‘ഞാൻ അധികാരത്തിൽ ഇല്ല. എന്നാൽ രാജ്യസഭയിൽ ഉണ്ടാകും. ഒന്നരവർഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും താൻ മത്സരിക്കില്ല. ഞാൻ പതിനാല് തവണ മത്സരിച്ചു. ഒരിക്കൽ പോലും നിങ്ങളെന്നെ തിരികെ വീട്ടിലേക്ക് അയച്ചിട്ടില്ല. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തിരഞ്ഞെടുത്തു. പക്ഷെ, ഇപ്പോൾ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നല്ല. എനിക്ക് അഅധികാരം വേണ്ട. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.

നിങ്ങളെന്നെ ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. 1967 ൽ എന്നെ നിങ്ങൾ തെരഞ്ഞെടുത്തു. 25 വർഷക്കാലം ഞാൻ ഇവിടെ പ്രവർത്തിച്ചു. ഇനി ഭാവി നോക്കാനുള്ള സമയമാണ്. അടുത്ത 30 വർഷത്തേക്കാവശ്യമായ നേതാക്കളെ വളർത്തിക്കൊണ്ട് വരാനുണ്ട്’- പവാർ പറഞ്ഞു.

Related Articles

Latest Articles