കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിൻ പുതിയ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.ജയിലിൽ ഏകാന്തത ആണെന്നും കൂടുതല്‍ സഹതടവുകാരെ വേണമെന്നുമാണ് സത്യേന്ദർ ജെയിനിന്റെ ആവശ്യം.ഇത് പ്രകാരം അനുമതിയില്ലാതെ രണ്ട് തടവുകാരെ സത്യേന്ദര്‍ ജെയിനിന്റെ സെല്ലിലേക്ക് മാറ്റുകയും ചെയ്തു.പിന്നാലെ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസാണ് ലഭിക്കിച്ചിരിക്കുന്നത്.
തിഹാര്‍ ജയില്‍ സൂപ്രണ്ടിന് സത്യേന്ദര്‍ ജെയിൻ മെയ് 11 ന് ഒരു കത്ത് നല്‍കി. തനിക്ക് ഏകാന്തതയും വിഷാദവും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, സാമൂഹിക ഇടപെടലിനായി രണ്ട് തടവുരാരെക്കൂടി തന്നോടൊപ്പം പാര്‍പ്പിക്കണമെന്നും അദ്ദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ജയില്‍ നമ്പര്‍ 7 സൂപ്രണ്ട് രണ്ട് തടവുകാരെ ജെയിന്റെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തിഹാര്‍ ജയില്‍ അധികൃതര്‍ ഈ വിവരം അറിഞ്ഞതോടെ ഉടന്‍ തന്നെ രണ്ട് തടവുകാരെയും അവരുടെ പഴയ സെല്ലിലേക്ക് തന്നെ മാറ്റി.ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സൂപ്രണ്ട് ഈ തീരുമാനമെടുത്തതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഭരണകൂടത്തെ അറിയിക്കാതെയും അനുമതി വാങ്ങാതെയും ഇത്തരമൊരു നടപടിക്രമം നടത്താനാകില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

