Sunday, May 19, 2024
spot_img

‘സുവർണ ത്രോ’; വീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം നേടി ഇന്ത്യയുടെ അഭിമാനം

സൂറിക്: ഡയമണ്ട് ലീഗ് ഫൈനലിൽ സ്വർണത്തിലേക്ക് ജാവലിനെറിഞ്ഞ് ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര. ആവേശകരമായ മത്സരത്തിൽ 88.44 മീറ്റർ ദൂരം താണ്ടിയാണ് നീരജ് ചാംപ്യൻപട്ടം സ്വന്തമാക്കിയത്.
ആദ്യ ശ്രമം ഫൗളായപ്പോള്‍ ഉയര്‍ന്ന ആശങ്ക അസ്ഥാനത്താക്കി രണ്ടാം ശ്രമത്തിലാണ് നീരജ് സുവർണ ദൂരമായ 88.44 മീറ്റർ പിന്നിട്ടത്. ഒളിംപിക്സ് സ്വർണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ഫൈനൽ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഇരുപത്തിനാലുകാരനായ നീരജ് ചോപ്ര. മൂന്നാം ശ്രമത്തില്‍ 88 മീറ്റര്‍, നാലാമത്തേതില്‍ 86.11, അഞ്ചാമത്തേതില്‍ 87 അവസാന ശ്രമത്തില്‍ 83.60 എന്നിങ്ങനെയായിരുന്നു നീരജ് കുറിച്ച ദൂരം.

നാലാം ശ്രമത്തിൽ 86.94 മീറ്റർ ദൂരം കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് വെള്ളി നേടി. ജർമനിയുടെ ജൂലിയൻ വെബെർ 83.73 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് വെങ്കലം നേടി. ഈ വർഷത്തെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളിൽ മികച്ച പ്രകടനം നടത്തിയ 6 അത്‌ലീറ്റുകളാണ് ജാവലിൻ ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. പോയിന്റ് നിലയിൽ നാലാം സ്ഥാനത്തായിരുന്നു നീരജ് എങ്കിലും (15 പോയിന്റ്), ലോക വേദികളിലെ മിന്നുന്ന ഫോം ഒരിക്കൽക്കൂടി പുറത്തെടുത്താണ് താരം ഡയമണ്ട് ലീഗ് ഫൈനലിലും ചാംപ്യനായത്.

കഴിഞ്ഞ മാസം ആക്രമണത്തിൽ പരുക്കേറ്റ ലോകചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിന്റെ അസാന്നിധ്യത്തിൽ, നീരജ് സ്വർണം നേടിയ ടോക്കിയോ ഒളിംപിക്സിലെ വെള്ളിനേട്ടക്കാരൻ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജായിരുന്നു താരത്തിന്റെ പ്രധാന എതിരാളി. ജാവലിൻ ത്രോയിലെ മാന്ത്രിക സംഖ്യയായ 90 മീറ്റർ ദൂരം പിന്നിട്ട ചരിത്രമുള്ള യാക്കൂബ്, നീരജ് ഒന്നാം സ്ഥാനം നേടിയ ലുസേൻ ഡയമണ്ട് ലീഗ് മീറ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ, സൂറിക്കിലെ ആവേശപ്പോരാട്ടത്തിലും നീരജിനു പിന്നിൽ രണ്ടാമനാകാനായിരുന്നു യാക്കൂബിന്റെ യോഗം.

ഇക്കഴിഞ്ഞ ലുസേൻ ഡയമണ്ട് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിനു യോഗ്യത ഉറപ്പിച്ചത്. 89.08 മീറ്റർ ദൂരമാണു ലുസേനിൽ നീരജ് പിന്നിട്ടത്. ഒരു ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതുവഴി ഹരിയാനക്കാരനായ നീരജ് സ്വന്തമാക്കിയിരുന്നു.

Related Articles

Latest Articles