ദില്ലി: രാജ്യം ഉറ്റുനോക്കുന്ന നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. രാജസ്ഥാൻ പോലീസ് തയ്യാറാക്കിയ 200 വിദ്യാർത്ഥികളുടെ സംശയാസ്പദമായ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘത്തിൽ നിന്നും അന്വേഷണം ഏറ്റെടുത്ത സിബിഐ, ജയ്പൂരിലെത്തി നിർണ്ണായക രേഖകൾ ശേഖരിച്ചു കഴിഞ്ഞു.
മാതൃകാ ചോദ്യപേപ്പർ എന്ന വ്യാജേന ചോർത്തിയ ചോദ്യങ്ങൾ ആർക്കൊക്കെ ലഭിച്ചു എന്നതിനെക്കുറിച്ച് രാജസ്ഥാൻ പോലീസ് നേരത്തെ വിവരശേഖരണം നടത്തിയിരുന്നു. 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും വിവരങ്ങളാണ് സിബിഐക്ക് കൈമാറിയിരിക്കുന്നത്. ഇതിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ലഭിച്ചത് എങ്ങനെയാണെന്ന് സിബിഐ പരിശോധിക്കും. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന ഒരു രാജസ്ഥാൻ സ്വദേശി വഴിയാണ് സിക്കറിലേക്ക് ആദ്യഘട്ടത്തിൽ ചോദ്യങ്ങൾ എത്തിയത്. ഇതേ വിദ്യാർത്ഥി വഴി തന്നെയാണോ കേരളത്തിലും ചോദ്യങ്ങൾ പ്രചരിച്ചതെന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
നിലവിൽ നാല് പ്രത്യേക സംഘങ്ങളെയാണ് സിബിഐ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. രാജസ്ഥാൻ, മഹാരാഷ്ട്ര (നാസിക്) ഉൾപ്പെടെ പത്തോളം സംസ്ഥാനങ്ങളിലേക്ക് ഈ തട്ടിപ്പിന്റെ കണ്ണികൾ നീളുന്നുണ്ടെന്നാണ് റിപ്പോർട്ട്. നാസിക്കിലെ പ്രസ്സിൽ നിന്നും ചോദ്യപേപ്പർ ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഒരു ചോദ്യപേപ്പറിന് 10 മുതൽ 15 ലക്ഷം രൂപ വരെ ഈടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കേസിൽ മുഖ്യപ്രതികളിലൊരാളായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കി.
അതേസമയം, നീറ്റ് ക്രമക്കേടിൽ സുപ്രീം കോടതിയുടെ ഇടപെടൽ തേടി മെഡിക്കൽ സംഘടനയായ ‘ഫൈമ’ (FAIMA) ഹർജി നൽകി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പകരം മറ്റൊരു സംവിധാനം പരീക്ഷാ നടത്തിപ്പിനായി കൊണ്ടുവരണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ പുനഃപരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. എൻടിഎ ആസ്ഥാനത്തേക്ക് എബിവിപി, എൻഎസ്‌യുഐ തുടങ്ങിയ സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇന്നും തുടരുകയാണ്.

