Sunday, October 11, 2026

‘എൻഡിഎവിട്ട് ഇനി എങ്ങോട്ടും പോകില്ല’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ദില്ലി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിതീഷ് കുമാർ. ദില്ലിയിൽ എത്തിയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. വീണ്ടും എൻഡിഎയുടെ ഭാഗമായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഈ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുമായി സംസാരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചു. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വാജ്പേയിയുടെ കാലം മുതൽ മൂവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദ ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചകൾക്ക് ശേഷം നിതീഷ് കുമാർ പ്രതികരിച്ചു.

രണ്ട് തവണ എൻഡിഎ വിട്ടിട്ടുണ്ടെന്നും, ഇനി എൻഡിഎയിൽ മാത്രമായിരിക്കുമെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, അമിത് ഷാ, ജെ.പി നദ്ദ എന്നിവരുമായി സംസാരിച്ചു. 1995 മുതൽ തങ്ങൾ ഒന്നിച്ചാണ്. രണ്ട് തവണ തനിക്ക് പുറത്തുപോകേണ്ടിവന്നു. എന്നാൽ ഇനി ഇവിടെ തുടരും. എൻഡിഎവിട്ട് എങ്ങോട്ടും പോകില്ലെന്നും നീതീഷ് കുമാർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles