Sunday, May 19, 2024
spot_img

കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ വരുന്നു ഭാരതീയ ക്രൈസ്തവ സംഗമം (ബി സി എസ്); നേതാക്കളായി യുഡിഎഫ് മുന്‍ എംഎല്‍എമാരും ബിജെപി നേതാവും

കൊച്ചി: കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ വിവിധ തരത്തിലുള്ള പദ്ധതികളാണ് ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബിജെപി സംസ്ഥാനത്ത് നടത്തിവരുന്നത്. ദേശീയ തലത്തില്‍ നിന്നുമുള്ള നേരിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പല പദ്ധതികളും.

സംസ്ഥാനത്തെ ക്രൈസ്തവ സഭകളുടെ വിശ്വാസം നേടിയെടുക്കുക എന്നുള്ളതാണ് ഈ പദ്ധതികളിലെ പ്രധാനമായ ഒരു അജണ്ട. ഈ സാഹചര്യത്തിലാണ് കത്തോലിക്കാസഭയുടെ നിയന്ത്രണത്തില്‍ ബിജെപി മുന്നണി ലക്ഷ്യമാക്കി ക്രൈസ്തവ-ന്യൂനപക്ഷ രാഷ്ട്രീയം പറയാന്‍ പുതിയ സംഘടനയ്ക്ക് ആരംഭം കുറിച്ചിരിക്കുന്നത്. ഭാരതീയ ക്രൈസ്തവ സംഗമം (ബിസിഎസ്) എന്ന പുതിയ സംഘടനയ്ക്ക് ബിജെപിയുടെ ആശീര്‍വാദത്തിലാണ് കഴിഞ്ഞ ദിവസം രൂപം കൊടുത്തിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. ഇതിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ പതിയെ എന്‍ഡിഎ മുന്നണിയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.

സംഘടനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായിരുന്ന ജോര്‍ജ് ജെ മാത്യുവാണ്. അദ്ദേഹമാണ് ചെയര്‍മാന്‍. 1983-ല്‍ കേരള കോണ്‍ഗ്രസ് വിട്ട് മാതൃസംഘനയായ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ നേതാവ് കൂടിയാണ് ഇദ്ദേഹം. 1977 മുതല്‍ 1980 വരെ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മാത്യു. 1991 മുതല്‍ 2006 വരെ തുടര്‍ച്ചയായ 15 വര്‍ഷം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിയമസഭാംഗമായിരുന്നു. ജോര്‍ജ് മാത്യൂവിന് പുറമെ യു ഡി എഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ സംഘടനയുടെ മുന്‍ നിരയിലുണ്ട്. ബി ജെ പി നേതാവ് വി വി അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറിയുമായ സംഘടനയുടെ വൈസ് ചെയര്‍മാന്‍മാനാണ് ജോണി നെല്ലൂര്‍. പി.എം. മാത്യു, സ്റ്റീഫന്‍ മാത്യു എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ബി ജെ പിയുടെ അജണ്ടയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട സംഘടനയുടെ ഭാഗമായി തങ്ങളുടെ നേതാക്കള്‍ മാറുന്നതില്‍ യു ഡി എഫ് അണികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടാവുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ അസംതൃപ്തരായി കഴിയുന്ന ക്രൈസ്തവ നേതാക്കളാണ് കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ ഒത്തുചേര്‍ന്ന് സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവര്‍ 15 പാര്‍ട്ടിയിലായി ഭിന്നിച്ചു കിടക്കുന്നു. ഇപ്പോഴത്തെ നേതാക്കള്‍ യോജിപ്പിനെ എതിര്‍ത്തേക്കാമെങ്കിലും അണികള്‍ യോജിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിനിടെ, പുതിയ സംഘടന രൂപീകരണത്തിന്റെ മുന്നോടിയായി വിവിധ ക്രൈസ്തവ മേലധികാരികളുമായി ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് കേരള കോണ്‍ഗ്രസിന്റെ ചില മുതിര്‍ന്ന നേതാക്കളും മുന്‍ എം എല്‍ എമാരും മുന്‍എംപിമാരും ചില പ്രമുഖ ക്രിസ്ത്യന്‍ ബിഷപ്പുമാരും യോഗം ചേര്‍ന്ന് സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കുകയായിരുന്നു.

ക്രൈസ്തവരുടെ പിന്തുണയുണ്ടെങ്കില്‍ മധ്യകേരളത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി നീക്കം. ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയെന്ന ലക്ഷ്യത്തോടെ മാണി സി കാപ്പന്‍ എം എല്‍ എയേയും മുന്നണിയിലെത്തിക്കാനുള്ള ശ്രമം ബി ജെ പിക്കുണ്ട്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന നിലയിലായിരിക്കും പുതിയ ക്രൈസ്തവ സംഘടന രൂപീകരിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles