ദില്ലി : മാതാ അമൃതാനന്ദമയിയുടെ മാതാവ് ദമയന്തി നിര്യാതയായതിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി . സ്വന്തം കുടുംബത്തിന് മാത്രമല്ല , അവർ സ്വന്തം മക്കളെപ്പോലെ കരുതിയിരുന്ന മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ഭക്ത സമൂഹത്തിനും ഇത് തീരാനഷ്ടം തന്നെയാണെന്ന് അദ്ദേഹം അനുശോചന കത്തിൽ രേഖപ്പെടുത്തി.
“എല്ലാവരുടെയും ക്ഷേമത്തിനായി വളരെയധികം ശ്രദ്ധിച്ചിരുന്ന ധർമ്മശീലമുള്ള ഒരു ഈശ്വരഭക്തയായിരുന്നു ശ്രീമതി ദമയന്തി-ജി. അവർ നടത്തിയിരുന്ന നിസ്വാർത്ഥ സേവനങ്ങളെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. തീർത്ഥാടനത്തിന് പോകുന്ന യാത്രക്കാർക്ക് നൽകിയിരുന്ന സേവനങ്ങൾ, വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നത്, പശുത്തൊഴുത്തിൽ വെള്ളം കയറിയപ്പോൾ പശുക്കളെ വീട്ടിനകത്തേക്ക് കൊണ്ടുവന്നത്, ചെടികളോടും മരങ്ങളോടുമെല്ലാം അവർക്കുണ്ടായിരുന്ന ഉദാത്തമായ സ്‌നേഹം” എന്നിവയെപ്പറ്റിയെല്ലാം ഞാൻ കേട്ടിട്ടുള്ളതായി മോദി പറഞ്ഞു .
മാതൃത്വത്തിന്റെ പ്രതിരൂപമായ അമൃതാനന്ദ മയി ദമയന്തിഅമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകുമെന്ന് തനിക്കുറപ്പുള്ളതായും കൂട്ടിച്ചേർത്തു . മാതാവ് വിട പറഞ്ഞെങ്കിലും ആ ജീവിതത്തിൽ അവർ പ്രതിനിധാനം ചെയ്ത മൂല്യങ്ങൾ എല്ലാവരിലും എല്ലാക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം അനുശോചന കത്തിൽ രേഖപ്പെടുത്തി.

