ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ഭൂപേന്ദ്ര സിങ് ചൗധരിയെ നിയമിച്ചു. ത്രിപുരയിൽ രാജീവ് ഭട്ടാചാര്യ ആണ് പുതിയ അദ്ധ്യക്ഷൻ.
ഉത്തർപ്രദേശ് സർക്കാരിലെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് ഭൂപേന്ദ്ര സിങ് ചൗധരി. ജാട്ട് വിഭാഗക്കാരനും പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള നേതാവുമാണ് ഭൂപേന്ദ്ര ചൗധരി. സ്വതന്ത്രദേവ് കാലാവധി പൂർത്തിയാകുന്നതിന് മുൻപേ അദ്ധ്യക്ഷ പദവി രാജി വെച്ചതിന് പിന്നാലെയാണ് പുതിയ നിയമനം.
ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ദില്ലിയില്‍ നാടകീയ സംഭവങ്ങൾ അരങ്ങേറി. എംഎല്‍എമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെന്നും, എന്നാല്‍ ഓപ്പറേഷന്‍ താമര പരാജയപ്പെടുത്തിയെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഓപ്പറേഷന്‍ താമരയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനെന്ന പേരിൽ എംഎല്‍എമാർക്കൊപ്പം കെജ്രിവാൾ രാജ്ഘട്ടില്‍ പ്രാർത്ഥനയും നടത്തി.
എന്നാൽ കെജ്രിവാളിൻറേത് പതിവ് നാടകമെന്നും ആരെയും അടർത്തിമാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ബിജെപി വിശദീകരിച്ചു. ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികൾ നടപടികൾ തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ കെജ്രിവാൾ നിലപാട് കടുപ്പിക്കുന്നത്. ദില്ലി മദ്യനയ കേസില്‍ പാർട്ടിക്കെതിരായ ആരോപണങ്ങൾക്കെതിരെ അഴിമതിയും ഓപ്പറേഷന്‍ താമരയും ഉയർത്തിക്കാട്ടിയാണ് പ്രതിരോധം.

