Sunday, April 28, 2024
spot_img

ഭയക്കണോ നമ്മൾ??പുതിയ കൊറോണ കേരളത്തിലുമെത്തി

ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കോഴിക്കോട്-2(ഒരു കുടുംബത്തിലെ അംഗങ്ങള്‍), ആലപ്പുഴ-2(ഒരു കുടുംബത്തിലെ അംഗങ്ങള്‍), കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക വ്യതിയാനമുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രികളിലാണുള്ളതെന്നും ഇവരുമായി സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ളവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.കെയില്‍നിന്ന് വന്നവരെയും മറ്റ് രാജ്യങ്ങളില്‍നിന്ന് വന്നവരെയും പ്രത്യേകം നിരീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. പുതിയ സ്‌ട്രെയിനിന്റെ പ്രത്യേകതയായി പറയുന്നത്, ഇത് ശരീരത്തില്‍ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ ഭാഗമായി ഇത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്- മന്ത്രി പറഞ്ഞു. വളരെ കരുതലോടെ ഇരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശത്തുനിന്ന് വന്നവര്‍ സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാവണമെന്നും ആരോഗ്യവകുപ്പ് സ്‌ക്രീനിങ്ങിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് വന്നിട്ടുള്ളവരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എന്നാല്‍ വളരെ ശ്രദ്ധിക്കേണ്ട വിഷയമാണിതെന്നും മന്ത്രി പറഞ്ഞു. മാറ്റി നിര്‍ത്തി ഐസൊലേറ്റ് ചെയ്ത് ചികിത്സിച്ചാല്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ വളരെ പ്രായം കൂടുതലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വരുമ്പോഴാണ് എന്തെങ്കിലും ബുദ്ധിമുട്ട് വരികയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles