Saturday, May 4, 2024
spot_img

തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു; ഡോക്ടറുടെ പിഴവെന്ന് കുടുംബം

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന പരാതി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കൃത്യമായ സ്കാനിം​ഗ് നടത്തുന്നതിലും കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും അനാസ്ഥയുണ്ടായെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

ശരിയായ പരിശോധന നടത്തി മരുന്ന് നൽകാൻ ശ്രമിച്ചില്ലെന്നാണ് പരാതി. സാധാരണ ​ഗതിയിൽ സ്കാനിം​ഗിൽ ഉൾപ്പടെ നടത്തിയപ്പോൾ ആസ്വാഭാവികത ഒന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പിന്നീടാണ് കു‍ഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭർത്താവ് ബിജീഷ് വ്യക്തമാക്കി.

കുഞ്ഞിന്റ മരണം സ്ഥിരീകരിച്ചതിന് ശേഷവും മൃതദേഹം ബന്ധുക്കളെ കാണിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. ബന്ധുക്കൾ ബഹളം വച്ചതിന് ശേഷമാണ് കു‍ഞ്ഞിന്റെ മൃതദേഹം കാട്ടാൻ തയ്യാറായതെന്നും പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Latest Articles