Friday, January 9, 2026

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത അറസ്റ്റിൽ ;നടപടി വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ; ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ വിഭാഗം തലവൻ അമിത് ചക്രവർത്തിയും അറസ്റ്റിൽ

ചൈനയിൽനിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്ന പരാതിയിൽ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും ദില്ലി പൊലീസ് സ്‌പെഷൽ സെൽ നടത്തിയ റെയ്ഡിനു പിന്നാലെ ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീര്‍ പുര്‍കയാസ്തയെ അറസ്റ്റ് ചെയ്തു. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ വിഭാഗം തലവനായ അമിത് ചക്രവര്‍ത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിനു പിന്നാലെ ന്യൂസ് ക്ലിക്കിന്റെ ദില്ലിയിലെ ഓഫിസ് പോലീസ് സീൽ ചെയ്‌തിരുന്നു.

കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. പണം സ്വീകരിച്ചത് സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ സ്ഥാപനത്തിനു സാധിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ന്യൂസ് ക്ലിക്ക് സ്ഥാപകർ/എഡിറ്റർമാർ എന്നിവരുടെ വസതികളിലും കെട്ടിടങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് ന്യൂസ് ക്ലിക്കിനും ഫണ്ടിങ് ലഭിച്ചതായി നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാര്‍ത്തകള്‍ നല്‍കാനായാണ് നെവില്‍ റോയ് സിംഘം പണം മുടക്കിയതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായുള്ള ആശയപ്രചരണത്തിനായി ലോകമെമ്പാടും പണം മുടക്കുന്നയാളാണ് ഇയാളെന്ന് നേരത്തെതന്നെ ആരോപണങ്ങളുണ്ടായിരുന്നു.

30 കേന്ദ്രങ്ങളിലായാണ് ഇന്ന് ഒരേ സമയം പരിശോധന നടത്തിയത്. എ,ബി,സി എന്നീ കാറ്റഗറികളാക്കി തിരിച്ചായിരുന്നു പരിശോധന. ദില്ലിക്ക് പുറമേ മുംബൈയിലും പരിശോധന നടന്നു. മുംബൈയില്‍ ആക്ടിവിസ്റ്റായ തീസ്ത സെതല്‍വാദിന്റെ വസതിയിലാണ് പരിശോധന നടന്നത്. മുംബൈ പോലീസിന്റെ സഹകരണത്തോടെയാണ് ഇവിടെ പരിശോധന നടന്നത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും പോലീസ് സംഘമെത്തി. യെച്ചൂരിയുടെ ജീവനക്കാരനായ ശ്രീനാരായണിന്റെ മകന്‍ സുന്‍മീത് കുമാറിനെ ചോദ്യംചെയ്യാനായാണ് പോലീസ് സംഘം ഇവിടെയെത്തിയതെന്നാണ് റിപ്പോർട്ട്. ന്യൂസ് ക്ലിക്കില്‍ ജോലിചെയ്യുന്ന സുന്‍മീത് കുമാറിന്റെ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പോലീസ് സംഘം പിടിച്ചെടുത്തുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles