Thursday, September 24, 2026

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ് ! പി വി അൻവർ അറസ്റ്റിൽ !

നിലമ്പൂര്‍: ഡിഎംകെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നിലമ്പൂർ എംഎൽഎ പി.വി. അന്‍വര്‍ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

അന്‍വറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വന്‍ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് കസ്റ്റിഡിയില്‍ എടുത്തത്. പിന്നാലെ അന്‍വറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവര്‍ത്തകരും തടിച്ചുകൂടി. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന വനവാസി യുവാവിനെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് അൻവറിന്റെ നേതൃത്വത്തില്‍ ഡിഎംകെ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ പ്രവർത്തകർ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു.ഈ സംഭവത്തിലാണ് പോലീസ് നടപടി.

പിണറായി വിജയന്‍റേത് ഭരണകൂട ഭീകരതയെന്ന് പി വി അൻവര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്‍റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നും അന്‍വര്‍ വിമര്‍ശിച്ചു. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പൊലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത് മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.

നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അൻവറിന്‍റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്‍റെ വീട്ടിലെത്തിയത്.

Related Articles

Latest Articles